ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വീടുകളെക്കുറിച്ചൊക്കെ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. മുംബൈയിലെ ആൻ്റിലിയയിൽ കുടുംബത്തോട് ഒപ്പമാണ് മുകേഷ് അംബാനി കഴിയുന്നത്. ലോകത്തിലെ തന്നെ 11-ാമത്തെ ധനികനായ മുകേഷ് അംബാനിയുടെ മുഴുവൻ ആസ്തി 113 ബില്യൺ ഡോളറിൽ അധികമാണ്. 4.6 ബില്യൺ ഡോളറാണ് ആൻ്റിലിയയുടെ ഏകദേശ മൂല്യം. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ പോലും അതിജീവിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ആന്റിലിയ മാത്രമല്ല മുകേഷ് അംബാനിക്ക് സ്വന്തമായുള്ള ആഡംബര ഭവനങ്ങൾ വേറെയുമുണ്ട്. ആ പട്ടികയിൽ ഉള്ള ഒന്നാണ് ലണ്ടനിലുള്ള സ്റ്റോക്ക് പാർക്ക്. 2021-ൽ 79 മില്യൺ ഡോളറിനാണ് മുകേഷ് അംബാനി സ്റ്റോക്ക് പാർക്ക് തന്റെതക്കുന്നത്.
ഗോൾഡ്ഫിംഗർ, ടുമാറോ നെവർ ഡൈസ് തുടങ്ങിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ സ്റ്റോക്ക് പാർക്ക് കാണാൻ സാധിക്കും. ലാണ്ടന്റെ തിരക്കുകളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റോക്ക് പാർക്ക് ആഡംബരത്തിന്റെ മറ്റൊരു പേര് തന്നെ.
300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ് യൂറോപ്പിലെ ഏറ്റവും പ്രശസ്തമായതും മുൻനിരയിലുള്ളതുമായ ഹോട്ടലുകളിൽ ഒന്നാകാൻ കാരണം അത് നൽകുന്ന സൗകര്യങ്ങളാണ്. വിസ്മയിപ്പിക്കുന്ന ഇന്റീരിയറാണ് ഇവിടെയുള്ളത്. പൂന്തോട്ടങ്ങളും പാർക്കുകളും തടാകങ്ങളും മാർബിൾ കൊണ്ടൊരുക്കിയ 49 അതിമനോഹരമായ കിടപ്പറകളുള്ള ഈ സ്ഥലത്ത് ഒരു വിനോദ കാലം ചെലവഴിക്കുന്നത് തീർച്ചയായും ജീവിതകാലത്തെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി മാറും എന്നതിൽ സംശയമില്ല.
നോൺ-സ്മോക്കിംഗ് റൂമുകളും ഫാമിലി റൂമുകളും മുതൽ സ്യൂട്ടുകൾ വരെ എല്ലാ തരത്തിലുള്ള മുറികളും കൺട്രി ക്ലബ്ബിനുള്ളിൽ യഥേഷ്ടം ഉണ്ട്.
എല്ലാ അതിനൂതന ആഡംബര സൗകര്യങ്ങളുമുള്ള മുറികൾക്ക് പുറമെ, 27 ഹോൾ ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്സ്, സ്പാകൾ, അത്യാധുനിക ജിംനേഷ്യം, 13 ടെന്നീസ് കോർട്ടുകൾ, ഇൻഡോർ സ്വിമ്മിംഗ് പൂളുകൾ എന്നിവയും മുകേഷ് അംബാനിയുടെ സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ്ബിന്റെ ഭാഗമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക