വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും രാജ്യത്ത് എത്താന്‍ ശ്രീലങ്കയുടെ പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി. ഇത് രാജ്യത്തിന്റെ ഇമിഗ്രേഷൻ സേവനങ്ങളിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി. ഇതിനായി പുതിയ ഇ-വിസ ഓണ്‍ലൈന്‍ പോര്‍ട്ടലും ശ്രീലങ്ക തുറന്നു. ഇതുവഴി വളരെ വേഗത്തില്‍ വിസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ സാധിക്കും.
ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ പ്രവേശാനുമതി (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വിസ സംവിധാനം നിലവില്‍ വന്നത്. www.srilankaevisa.lk എന്ന സൈറ്റിലൂടെ വിസ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാം.
വിനോദസഞ്ചാരം, ബിസിനസ് എന്നീ കാര്യങ്ങള്‍ക്കായി വിമാനം, കപ്പല്‍ മാര്‍ഗം എത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇ-വിസയ്ക്കായി അപേക്ഷിക്കാം. നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സിറിയ, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശ്രീലങ്കന്‍ എംബസി വഴി വേണം വിസയ്ക്കായി അപേക്ഷിക്കാന്‍.
ഇ-വിസക്കായി അപേക്ഷിക്കുന്ന രീതി അറിയാം
1. ശ്രീലങ്ക ഇ-വിസയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. മുമ്പ് ഉണ്ടെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്യുക
3. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക
4. പാസ്പോര്‍ട്ട്, പുതുതായി എടുത്ത ഫോട്ടോ തുടങ്ങിയ അപ്ലോഡ് ചെയ്യുക.
5. ഇ-വിസ ഫീസ് ഓണ്‍ലൈന്‍ വഴി അടയ്ക്കുക.
6. അപേക്ഷ സമര്‍പ്പിച്ച് ഫീസും അടച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രസീതും അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറും ലഭിക്കും.
7. അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ വഴി നിങ്ങളുടെ ഇ-വീസ സ്റ്റാറ്റസ് പരിശോധിക്കാം.
8. അപേക്ഷ സ്വീകരിച്ചാല്‍, ഇ-വിസയുടെ പ്രിന്റ് എടുത്ത് ശ്രീലങ്കയിലെത്തുമ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചാല്‍ മതി.
ശ്രീലങ്കയിലെത്തുമ്പോള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കിയ ഇ-വിസയുടെ കോപ്പി കൈയില്‍ കരുതുക. ലങ്കയില്‍ നിന്ന് തിരിച്ചുള്ള ടിക്കറ്റിന്റെ രേഖകള്‍ ഉണ്ടായിരിക്കണം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്ക്ക് വിസരഹിത പ്രവേശനം കഴിഞ്ഞ വര്‍ഷം ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു.
വിസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കാനും കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാനും വിദേശ നാണയ നിക്ഷേപത്തിലൂടെ സാമ്പത്തിക വികസനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക