ഇറ്റാലിയൻ സൂപ്പർബൈക്ക് കമ്പനിയായ അപ്രീലിയ ഇതാ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷകളോടെ നോക്കിയിരുന്ന ടുവാറെഗ് 660 അവതരിപ്പിച്ചു. 18.85 ലക്ഷം രൂപ തുടക്ക എക്സ്-ഷോറൂം വില മുതൽ 19.16 ലക്ഷം രൂപ വരെയാണ് അപ്രീലിയ ടുവാരെഗ് 660 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടുവാറെഗ് 660-ന്റെ അട്രെയിഡ്സ് ബ്ലാക്ക്, കാന്യോൺ സാൻഡ് കളർ വേരിയൻ്റുകൾക്ക് 18.85 ലക്ഷം രൂപയും ഡാകർ പോഡിയം ലിവറിക്ക് 19.16 ലക്ഷം രൂപയുമാണ് വില വരുന്നത്. സിബിയു വഴിയാണ് അപ്രീലിയ ടുവാറെഗ് 660 ഇന്ത്യയിലേക്ക് എത്തുന്നത്.
അപ്രീലിയ ടുവാറെഗ് 660 ന്റെ എഞ്ചിനെ കുറിച്ച് നോക്കുകയാണെങ്കിൽ, അപ്രീലിയ RS, ട്യൂണോ 660 മോഡലുകളിൽ കാണുന്ന പോലെയുള്ള ശക്തമായ എഞ്ചിനാണ് ഇതിന് കരുത്ത് നൽകുന്നത്. 80 bhp കരുത്തും 70 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ലിക്വിഡ് കൂൾഡ്, 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഈ യൂണിറ്റിൽ. ഇരട്ട സിലിണ്ടർ സാഹസിക ബൈക്കാണെങ്കിലും, 18 ലിറ്റർ ഇന്ധന ടാങ്കിൽ 204 കിലോഗ്രാം ഭാരമുള്ളതിനാൽ മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരം കുറവാണ്. എന്നിരുന്നാലും, അതിന്റെ ഉയരമുള്ള സീറ്റ് ഉയരം കുറഞ്ഞ റൈഡർമാർക്ക് വെല്ലുവിളി ആയേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 860 എംഎം ആണ് ഇതിന്റെ സീറ്റിന്റെ ഉയരം വരുന്നത്.
ബൈക്കിന്റെ ഫ്രെയിം ട്യൂബുലാർ സ്റ്റീൽ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ടുവാരെഗ് 660-ൽ കെവൈബിയിൽ നിന്നുള്ള പൂർണ്ണമായി ക്രമീകരിക്കാവുന്ന യുഎസ്ഡി ഫോർക്കും മോണോഷോക്ക് സസ്പെൻഷനും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മുന്നിലും പിന്നിലും 240 എംഎം വീൽ ട്രാവൽ ലഭ്യമാക്കുന്നു. ബ്രേക്കിംഗിനായി, ബ്രെംബോ കാലിപ്പറുകളുള്ള മുൻവശത്ത് ഇരട്ട 300 എംഎം ഡിസ്ക് ബ്രേക്കുകളും സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള സിംഗിൾ 260 എംഎം റിയർ ഡിസ്ക്കും അപ്രീലിയ ടുവാരെഗ് 660ന് കൊടുത്തിരിക്കുന്നു. 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ വയർ-സ്പോക്ക്ഡ് വീൽ സെറ്റപ്പിലാണ് വണ്ടി ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക