മുംബൈ: ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വില ഉയരാൻ സാധ്യത ഉണ്ടോ? ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ട്ഫോൺ വില്പനയിൽ മുന്നേറ്റങ്ങൾ ഈയിടെയായി ഉണ്ടാവുന്നുണ്ട്. എന്നാൽ അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ ഉയർച്ച ഇന്ത്യയുടെ വിപണിയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സൂചന. രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ വരുന്ന മെമ്മറി ചിപ്പുകളുടെ വില ഉയരാൻ സാധ്യതയുണ്ട്.ഇത് പ്രധാനമായും 10000 രൂപയിൽ കുറവ് വിലയുള്ള 5ജി സ്മാർട്ട്ഫോണുകളെ ആയിരിക്കും കാര്യമായി ബാധിക്കുക.
മൈക്രോൺ, സാംസങ് തുടങ്ങിയ കമ്പനികൾ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില ഉയർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എ.ഐ. ആവശ്യങ്ങൾക്കായി വ്യാപകമായി ഡിറാം ഉപയോഗിക്കുന്നുണ്ട്. അതിനാൽ വരും മാസങ്ങളിൽ ഇവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു . രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ വിതരണക്കാരാണ് മൈക്രോൺ, സാംസങ് എന്നീ കമ്പനികൾ.
നിലവിൽ ഉള്ളതിൽ നിന്നും 20 ശതമാനം ഉയർച്ച ഉണ്ടാകാൻ സാധ്യത. ഇത് 2024 പകുതിയോടെ സ്മാർട്ട്ഫോണുകളുടെ വിലയുടെ ഉയർച്ചക്ക് കാരണമായേക്കും. ഇതിനു പിന്നാലെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന പഴയ എൽ.ഡി.ഡി.ആർ4 എക്സ് സാങ്കേതിക വിദ്യയുടെ കരാർതുകയിൽ എട്ട് ശതമാനത്തിന്റെ വർധനവും എൽ.ഡി.ഡി.ആർ5, എൽ.ഡി.ഡി.ആർ5എക്സ് മെമ്മറിയുടെ കരാർ തുകയിൽ 10 ശതമാനം വരെ വില വർധനവുമുണ്ടായെക്കുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക