തിരക്കുകളില്‍ നിന്ന് ഒഴിവായി ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാനും പ്രകൃതിയുമായി അടുത്ത് ഇടപഴകാനും ഒരു സ്ഥലമാണോ നോക്കുന്നത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമായ തെന്മലയിലേക്ക് പോകാം. പ്രകൃതിയോട് ഇത്രയുമധികം ഇണങ്ങി നില്ക്കുന്ന ഒരു സ്ഥലം വേറെയുണ്ടാവില്ല. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. ഇതിന് പുറമെ സാഹസിക വിനോദ പരിപാടികളും ധാരാളമായി ഉണ്ട്.
കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. തെന്മല എന്ന വാക്കു തന്നെ തേന്മല എന്നതിന്റെ ഉച്ചാരണഭേദമാണ്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി.
കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ അകലെയാണ് തെന്മല. മരങ്ങളുടെ പച്ചമേലാപ്പിനിടയിലൂടെ ഒരു ആകാശയാത്ര തെന്മലയിലെ പ്രധാന ആകര്‍ഷണമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വലകള്‍ ഒരുക്കുന്ന ഈ ആടും പാത. കൂടാതെ ഒട്ടേറെ ശില്പങ്ങളാല് സമ്പന്നമായ കുട്ടികളുടെ പൂന്തോട്ടവും വൈകുന്നേരം ഉല്ലാസ നടത്തത്തിനുള്ള തറയോടു പാകിയ വഴികളും ഈ കേന്ദ്രത്തെ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
നിര്‍മ്മിതമായ സൗകര്യങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ വന്യാനുഭൂതി നുകരാന്‍ കാടിനുള്ളില്‍ ഏറുമാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെന്മലയില് ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമാണ്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ട്, ഈ ജന്മനക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനം ആണ് നക്ഷത്രവനം.
ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്. തെന്മലയില് തന്നെ ഒരു മാന്‍ പുനരധിവാസ കേന്ദ്രവുമുണ്ട്. പരിക്കേറ്റതും, ഉപേക്ഷിക്കപ്പെട്ടതുമായ മാന്‍കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കു വിടുന്ന കേന്ദ്രമാണിത്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ടു യാത്രയും ഈ പദ്ധതിയുടെ ഭാഗമായുണ്ട്.
തെന്മലയിലെ മറ്റൊരു ആകര്‍ഷണമാണ് ശില്പോദ്യാനം. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന നിരവധി പ്രതിമകള്‍ ഇവിടെ കാണാം. തെന്മലയോട് ചേര്‍ന്നാണ് പരപ്പാര്‍ അണക്കെട്ടും സ്ഥിതി ചെയ്യുന്നത്. കല്ലട ജലസേചന പദ്ധതിയ്ക്കായി നിര്‍മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിന് ഇരുവശവും കാടുകളാണ്. നയനമനോഹരമാണ് അണക്കെട്ടിന് മുകളിലൂടെയുള്ള യാത്ര. സഞ്ചാരികള്‍ക്കായി പരപ്പാര്‍ തടാകത്തിലൂടെ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവുമുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി സാഹസിക മേഖലയുമുണ്ട് തെന്മലയില്. മൗണ്ടന്‍ ബൈക്കിങ്, റോപ്പിങ്, തൂക്കുപാലം, നെറ്റ് വാക്കിങ് തുടങ്ങിയവയാണ് സാഹസിക മേഖലയില്‍ ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികളുടെ സഹായത്തിനായി ഗൈഡുകളുമുണ്ട്. ഹണി ഹില്‍ എന്ന ഒരു പേരു കൂടിയുണ്ട് തെന്മലയ്ക്ക്.
കൂടാതെ കാടിന്റെ വശ്യതയില്‍ രാപാര്‍ക്കാന്‍ തെന്മല പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുതിയ സൗകര്യവും ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. കാടും കാട്ടരുവികളും പകരുന്ന അനുഭവലോകം സ്വന്തമാക്കാം ഇവിടെ. ഇക്കോ ടൂറിസത്തിന്റെ അഡ്വഞ്ചര്‍ സോണിലെ കുളത്തിനോടു ചേര്‍ന്നുള്ള കാട്ടിലാണ് ക്യാമ്പിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
രണ്ടുപേര്‍ക്ക് താത്കാലിക ടെന്റില്‍ ഒരുരാത്രി തങ്ങുന്നതിന് 2,500 രൂപയാണ്. ഇത്തരത്തിലുള്ള നാലു ടെന്റുകളുണ്ട്. വൈകീട്ട് അഞ്ചരയ്ക്ക് ചെക്ക് ഇന്‍ ചെയ്ത് രാവിലെ എട്ടരയ്ക്ക് ചെക്ക് ഔട്ട് ആകുന്ന രീതിയിലാണ് പാക്കേജിന്റെ ക്രമീകരണം. രാത്രിയും രാവിലെയും വെജിറ്റേറിയന്‍ ആഹാരവും നല്‍കും. രാവിലെ വ്യായാമം ചെയ്യേണ്ടവര്‍ക്ക്, ചേര്‍ന്നുള്ള കുളത്തിലെ പെഡല്‍ ബോട്ടിങ്ങും ഏരിയല്‍ സ്കേറ്റിങ് എലിവേറ്റഡ് വാക് വേയിലൂടെയുള്ള നടത്തവുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക