മിക്കവരുടെയും ഭക്ഷണക്രമത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞ ഒന്നാണ് പഞ്ചസാര. ഗ്ലൂക്കോസിന്റയും ഫ്രക്ടോസിന്റെയും ഓരോ തന്മാത്രകൾ ചേരുന്നതാണ് പഞ്ചസാര. ഗ്ലൂക്കോസിനെ അപേക്ഷിച്ച് ഫ്രക്ടോസിനാണ് മധുരം കൂടുതൽ. ചുരുക്കത്തിൽ പഞ്ചസാരയുടെ മധുരത്തിന് പ്രധാന കാരണക്കാരൻ ഫ്രക്ടോസ് തന്നെ.
സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിന് കാരണമാകും, വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ഭക്ഷണത്തിലും പാനീയങ്ങളിലും ചേർക്കുന്നത് ഉൾപ്പെടെയുള്ള പഞ്ചസാരയിൽ നിന്നുള്ള കലോറിയുടെ ദൈനംദിന ഉപഭോഗം 5% ത്തിൽ കവിയാൻ പാടില്ല. ഇതിനർത്ഥം ആളുകൾ പ്രതിദിനം 30 ഗ്രാം പഞ്ചസാര അല്ലെങ്കിൽ ഏകദേശം 7 ടീസ്പൂണിൽ കൂടുതൽ കഴിക്കരുത് എന്നാണ്.
സംസ്കരിച്ച അന്നജമാണ് പഞ്ചസാര. കരിമ്പിൻനീര് വിവിധ ഘട്ടങ്ങളിലൂടെ സംസ്കരിച്ചെടുക്കുന്നതാണ് ടേബിൾ ഷുഗർ എന്ന പഞ്ചസാര. കരിമ്പിൻനീരിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം വേർതിരിക്കപ്പെടുന്നു. അതിനാൽ കാര്യമായ പോഷകാംശം പഞ്ചസാരയിലില്ല. ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഏതാണ്ട് 20 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് നല്ലതാണോ? ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പ്രമേഹം സംബന്ധിച്ചുള്ള ആരോഗ്യം മാത്രമേ നാം പലപ്പോഴും കണക്കിലെടുക്കാറുള്ളൂ. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം പല്ലുകളുടെ ബലക്ഷയം, ഉറക്കമില്ലായ്മ, ശരീരത്തിനുള്ളിലെ സ്വാഭാവികമായ പോഷകനിലയിലെ വ്യതിചലനം, ഓർമക്കുറവ്, തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. കുട്ടികളിൽ പഠനവൈകല്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്കുപോലും പഞ്ചസാരയുടെ അമിത ഉപയോഗം വഴിവയ്ക്കും. തലച്ചോറിൽ സെറോട്ടോണിന്റെ ഉൽപാദനം വർധിക്കുന്നത് മനോരോഗങ്ങൾക്കുപോലും കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക