ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ഗ്രീഷ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പാറശാല സ്വദേശിയായ ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ഈ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ്ഹർജി തള്ളിയത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഗ്രീഷ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇതാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് ചട്ടം നിലനിൽക്കെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ റിപ്പോർട്ട് നൽകുന്നതിനുള്ള അധികാരമില്ലെന്നും സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടും തുടർനടപടികളും ഈ സാഹചര്യത്തിൽ റദ്ദാക്കണമെന്നാണ് ഗ്രീഷ്മ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് ആണ് ഗ്രീഷ്മക്കുവേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. 2022 ഒക്ടോബർ 14നാണ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കാമുകനായ ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചു വരുത്തി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകുകയും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 22ന് ഷാരോൺ രാജ് മരണപെടുകയും ചെയ്തത്.
വിചാരണ നടപടികൾക്കായി നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറിയിരുന്നു എങ്കിലും അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്തിമ റിപ്പോർട്ട് നൽകിയത് നിയമപരമല്ലെന്ന് കാണിച്ച് അന്തിമ റിപ്പോർട്ട് തള്ളണമെന്നാണ് ഗ്രീഷ്മ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറിൽ കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നു. കന്യാകുമാരി കോടതിയിലേക്ക് കേരളത്തിൽ നടക്കുന്ന വിചാരണ മാറ്റണമെന്ന് ആവശ്യം തള്ളിയ കോടതി ഇക്കാര്യം വിചാരണ കോടതിയിലാണ് പറയേണ്ടത് എന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക