എപ്പോഴും വിശപ്പ് തോന്നുന്ന പ്രകൃതമാണോ നിങ്ങളുടേത്? ആഹാരം കഴിച്ച് കഴിഞ്ഞ ഉടൻ വീണ്ടും വിശപ്പ് അലട്ടുന്നുണ്ടോ? പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത ഏറെയാണ്. ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
- തലച്ചോറിന്റെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ശരിയായ പ്രവർത്തനത്തിന് ഉറക്കം ആവശ്യമാണ്. കൂടാതെ, ആവശ്യത്തിന് ഉറങ്ങുന്നത് വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. വേണ്ടത്ര ഉറക്കമില്ലാതാകുമ്പോൾ ഗ്രെലിൻ കൂടാനും ഇതുവഴി വിശപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
- ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. വെള്ളം ചർമ്മത്തെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണമാകും.
- സ്ഥിരമായി ഏറെ സമയം വ്യായാമം ചെയ്യുന്ന വ്യക്തികളിൽ ധാരാളം കലോറികൾ എരിച്ചുകളയപ്പെടും. സ്ഥിരമായി കഠിനാധ്വാനം ചെയ്യുന്നവർക്ക് വേഗത്തിൽ മെറ്റബോളിസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് . വിശപ്പ് ഇല്ലാതാക്കാൻ വ്യായാമം പ്രയോജനകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ കഠിനവും ദീർഘസമയം വ്യായാമം ചെയ്യുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിശപ്പ് കൂടാനും സാധ്യതയുണ്ട്.
- മദ്യം കഴിക്കുന്നവരിൽ വിശപ്പ് കൂടുതൽ അനുഭവപ്പെടും. ലെപ്റ്റിൻ പോലുള്ള വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളെ മദ്യം തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പോ ശേഷമോ മദ്യം കഴിക്കുമ്പോൾ.
- അമിത സമ്മർദം വിശപ്പ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിക്കുന്നത് മൂലമാണ് വിശപ്പ് തോന്നുന്നത്. പതിവായി സമ്മർദം അനുഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും വിശക്കുന്നതായി തോന്നും.
- വളരെ കുറച്ച് പ്രോട്ടീനും വളരെ കുറച്ച് നാരുകളും കഴിക്കുന്നത് ഇടയ്ക്കിടെ വിശപ്പുണ്ടാക്കും. പ്രോട്ടീനും ഫൈബറും നിങ്ങൾക്ക് ആവശ്യമുള്ള ഊർജം പ്രദാനം ചെയ്യുക മാത്രമല്ല, വിശപ്പിനെ അകറ്റിനിർത്തി കൂടുതൽ നേരം നിറയെ നിലനിർത്തുകയും ചെയ്യുന്നു.
- ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നതും ഒരു കാരണമാണ്. പഞ്ചസാര അടങ്ങിയ കാർബോഹൈഡ്രേറ്റ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഈ വ്യതിയാനമാണ് വിശപ്പിന്റെ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക