വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ നായകനാവാനൊരുങ്ങി രാഘവ ലോറൻസ്. സംവിധായകൻ വെട്രിമാരനും നിർമാതാവ് എസ് കതിരേശനുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് രാഘവ ലോറൻസ് തന്നെയാണ് വെട്രിമാരൻ ചിത്രത്തിൽ നായകനാവുന്ന കാര്യം പ്രഖ്യാപിച്ചത്.
വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ആയിരിക്കും നായകനാവുകയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. വെട്രിമാരൻ എഴുതിയ ഒരു ഗംഭീര സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്ന് ലോറൻസ് പറഞ്ഞു.
ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിനുശേഷം കരാറിൽ ഏർപ്പെട്ട രണ്ട് ചിത്രങ്ങൾക്കുശേഷമായിരിക്കും വെട്രിമാരൻ ചിത്രത്തിൽ ലോറൻസ് അഭിനയിക്കുക. ‘ഹണ്ടർ’, ‘ബെൻസ്’ എന്നീ ചിത്രങ്ങളാണ് രാഘവ ലോറൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടെ സൂര്യക്കൊപ്പം വെട്രിമാരൻ ഒന്നിച്ച വടിവാസൽ പൂർത്തിയാക്കും.
നടൻ എന്നതിലുപരി സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനാണ് രാഘവ ലോറന്‍സ്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ 13 പേർക്ക് സ്കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് താരം.
സ്കൂട്ടർ നൽകുന്ന വിഡിയോ തന്റെ ഫെയ്സ്ബുക് പേജിലൂടെ ലോറൻസ് പങ്കുവച്ചിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇവര്‍ക്ക് വീടും സ്കൂട്ടിയും നല്‍കുമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ആദ്യഘട്ടമെന്ന നിലയില്‍ 13 സ്കൂട്ടികള് സമ്മാനിച്ചുവെന്നും രാഘവ ലോറന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക