മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ നൃത്തത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്. ഷാറുഖ് നായകനായ ജവാൻ എന്ന സിനിമയിലെ ‘സിന്ദ ബാന്ദ’പാട്ടിനൊപ്പമായിരുന്നു മോഹൻലാലിന്റെ തകർപ്പൻ പ്രകടനം.
Thank u @Mohanlal sir for making this song the most special for me now. Wish I had done it half as good as you. Love u sir and waiting for dinner at home as and when. You are the OG Zinda Banda!!! https://t.co/0NezClMavx
— Shah Rukh Khan (@iamsrk) April 23, 2024
‘നന്ദി മോഹൻലാൽ സർ, ഈ ഗാനം എനിക്ക് ഏറ്റവും സ്പെഷൽ ആക്കിത്തന്നതിന്. താങ്കൾ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സർ. വീട്ടിൽ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു’ ഷാറുഖ് കുറിച്ചു. ഷാരൂഖാന്റെ ജവാൻ സിനിമയിലെ പാട്ടിന് മോഹൻലാൽ ചുവടുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി മോഹൻലാലുമെത്തി. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില്ലെന്നും നല്ല വാക്കുകൾ പറഞ്ഞതിനു നന്ദി അറിയിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ച ഷാറുഖിനോടു രസകരമായാണ് മോഹൻലാൽ പ്രതികരിച്ചത്.
‘പ്രിയ ഷാറുഖ്, താങ്കളെപ്പോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അനുകരണം പോലും അസാധ്യമാകു വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയിൽ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്, ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ… ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?’, മോഹൻലാൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക