മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ദേവനന്ദയും സൈജു കുറിപ്പും എത്തുന്ന പുതിയ ചിത്രം ‘ഗു’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. മുമ്പിലുള്ള ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്ന പെൺകുട്ടിയാണ് പോസ്റ്ററിലുള്ളത്. കൗതുകത്തോടൊപ്പം ദുരൂഹതയും നിറയ്ക്കുന്നതാണ് പോസ്റ്റർ. മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.
നവാഗതനായ മനു രാധാകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു തന്നെയാണ് നിർമിക്കുന്നത്. ചിത്രത്തിൽ മിന്നയായി ദേവനന്ദ എത്തുമ്പോള് സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഒരു ഫാന്റസി ഹൊറർ ചിത്രമാണ് ‘ഗു’. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഉൾഗ്രാമത്തിൽ മിന്നയ്ക്കും മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക