മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ടർബോ’ റിലീസ് തീയതി മാറ്റിയതായി റിപ്പോർട്ട്. ചിത്രം പ്രതീക്ഷിച്ചതിലും നേരത്തെ തിയറ്ററുകളിൽ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ ‘ടർബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. വേഫറർ ഫിലിംസ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ നടത്തുമ്പോൾ ഓവർസിസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. ജൂൺ 13ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസാണ് ഇപ്പോൾ മെയ് 23 ലേക്ക് മാറ്റി എന്ന വാർത്ത പുറത്തുവരുന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ‘മധുരരാജ’ എന്ന ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് കൈകാര്യം ചെയ്യുന്നത്. തെലുങ്ക് നടൻ സുനിലും കന്നട താരമായ രാജ് ബി ഷെട്ടിയും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു ശർമയും ചിത്രത്തിന് സംഗീതം നൽകുന്നത് ജസ്റ്റിൻ വർഗീസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക