സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. മെയ് എട്ടിന് വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും മെയ് 9ന് പ്രഖ്യാപിക്കും.
കഴിഞ്ഞവർഷത്തെ ഫലപ്രഖ്യാപനത്തിനേക്കാൾ 11 ദിവസം മുൻപ് ആണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞവർഷം മെയ് 19 നാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25ന് പ്രഖ്യാപിച്ച രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഫലങ്ങളാണ് ഇത്തവണ മെയ് 9ന് നടത്തുന്നത്.
2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും അടക്കം ആകെ 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതിയത്.10,863 അധ്യാപകരാണ് സംസ്ഥാനത്താകമാനം 70 ക്യാമ്പുകളിലായി നടന്ന നിർണയത്തിൽ പങ്കെടുത്തത്. 14 ദിവസങ്ങളിലായി നടന്ന മൂല്യനിർണയം ഏപ്രിൽ 3 മുതൽ ഏപ്രിൽ 20 വരെയാണ് നടന്നത്. ഇത് പൂർത്തിയാക്കി ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി എന്നിവ പരീക്ഷാഭവനിൽ വച്ച് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
2,23,736 ആൺകുട്ടികളും 2,17384 പെൺകുട്ടികളും അടക്കം ആകെ 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ആകെ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 24ആം തീയതി വരെ നടന്ന മൂല്യനിർണയത്തിൽ 77 ക്യാമ്പുകളിലായി 25000 ത്തോളം അധ്യാപകരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക