സ്മാർട്ട്ഫോണും ലാപ്ടോപ്പും ടാബ്ലറ്റും അടക്കമുള്ള ഉപകരണങ്ങൾ ചൂടാകുന്നത് പതിവാണ്. എന്നാൽ വേനൽകാലത്ത് ഇവ അമിതമായി ചൂടാകുകയും ചാര്‍ജിങ്ങിന്റെ കാര്യത്തില്‍ പലവിധ പ്രശന്ങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. ചുറ്റുമുള്ള അന്തരീക്ഷം പോലെയുള്ള ബാഹ്യ ഘടകങ്ങളും ഫോൺ ചൂടാകുന്നതിനുള്ള കാരണമാകാറുണ്ട്.
ചൂടുള്ള കാലാവസ്ഥയിലോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോഴോ ചൂട് കാര്യക്ഷമമായി ഇല്ലാതാക്കാൻ ഫോൺ പാടുപെടും, ഇത് ഫോൺ ചൂടാകുന്നതിന് കാരണമാകും. അതുപോലെ ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ഫോൺ ചൂടാകാനുള്ള സാധ്യതയേറെയാണ്. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോഴോ ആവശ്യമുള്ള ആപ്പുകൾ ഒരേസമയം ഉപയോഗിച്ചു കൊണ്ട് ചാർജ് ചെയ്യുമ്പോഴോ ഇത് സംഭവിക്കുന്നു. കൂടാതെ ഫാസ്റ്റ് ചാർജ്ജിംഗ് പോലെ ഗുണനിലവാരം കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നതും ഫോൺ ചൂടാകാൻ കാരണമാകും.
മിക്ക ഉപകരണങ്ങളുടെയും ഡിസ്പ്ലെയുടെ വലുപ്പവും ബ്രൈറ്റ്നസും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് നല്ല ഒരു കാര്യമാണെങ്കിലും ചൂടുകാലത്ത് ഉപകരണങ്ങള്‍ ചൂടാകാനും കാരണമാകും. ഡിസ്പ്ലെ ബ്രൈറ്റ്നസ് കുറച്ച് ചൂടാകല് കുറയുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. എന്തായാലും, ഒരിക്കല്‍ ചൂടായാല്‍ അത് വീണ്ടും തണുത്തു വരാന്‍ അല്പം സമയമെടുക്കും.
നേരിട്ട് സൂര്യപ്രകാശം സ്ക്രീനില്‍ അടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ദീര്‍ഘനേരം ഉപയോഗിക്കാതിരിക്കുക. മിക്ക ഫോണ്‍ സ്ക്രീനുകളും തെളിമ നല്‍കാനായി സ്വയം ക്രമീകരിക്കുകയും അത് ചൂടാകലില്‍ കലാശിക്കുകയു ചെയ്യും. ഫോണ്‍ ചൂടായി കഴിഞ്ഞാല്‍ അതിന്റെ പ്രകടനത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതും ഫോണുകളെ പ്രതികൂലമായി ബാധിക്കാം.
ചാര്‍ജിങ് നടക്കുന്നില്ല എന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്തേ മതിയാകൂ എന്ന ഒരു സാഹചര്യമുണ്ടെങ്കില്‍ ഫോണില്‍ കേസ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് അല്പം തണുത്ത ശേഷം ചാര്‍ജ് ചെയ്ത് നോക്കുക. വയര്‍ലെസ് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു പകരം വയേഡ് ചാര്‍ജര്‍ കണക്ടു ചെയ്തു നോക്കാം.
ചാര്‍ജിങ് നടക്കുന്ന സമയത്ത് അത് ഉപയോഗിക്കാതിരിക്കുന്നതും ഗുണം ചെയ്തേക്കാം. ചില ഫോണുകളില്‍ ബൈപാസ് ചാര്‍ജിങ് എന്ന് ഒരു ഓപ്ഷന് ഉണ്ട്. ഇത് ബാറ്ററി ഓഴിവാക്കി നേരിട്ട് പ്രൊസസറിന് വൈദ്യുതി നല്കുന്നു. ഇത് ഉപയോഗിച്ചാലും ഗെയിം കളിക്കുകയാണെങ്കില്‍ മിക്ക ഫോണുകളും ചൂടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഐഫോണുകള്‍ അടക്കം ചില ഹാന്‍ഡ്സെറ്റുകളില്‍ ബാറ്ററി ഹെല്‍ത് വിഭാഗമുണ്ട്. ബാറ്ററി മാറ്റാൻ സമയമായോ എന്ന് അവിടെ നോക്കി തിട്ടപ്പെടുത്താം. ബാറ്ററിയുടെ ശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ഫോണിനു പ്രവര്‍ത്തിക്കാൻ അനുയോജ്യമായ ചാര്‍ജ് നല്കാന് സാധിക്കണമെന്നില്ല. ഇതും പ്രകടനത്തെ ബാധിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക