തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് മാറ്റമില്ല. കനത്ത ചൂട് തുടരും. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ നാളെ വരെ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് തുടരും. കാലാവസ്ഥ വകുപ്പിന്റെ ഇന്നലത്തെ കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിലും സമീപ ജില്ലകളിലും ഇന്ന് പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക