നവ കേരള സദസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി കേരള സർക്കാർ വാങ്ങിയ നവ കേരള ബസിന് ഇനി മുതൽ പുതിയ പേര്.ബസ് ഇനി മുതൽ ‘ഗരുഡ പ്രീമിയം’ എന്ന പേരിൽ അറിയപ്പെടും. വരുന്ന ഞായറാഴ്ച മുതൽ ബസ് കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും.
26 പുഷ്ബാക്ക് സീറ്റുകളോടു കൂടിയ ബസ്സിൽ ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബസ്സിൽ കയറുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി ബസ്സിൽ നിലവിലുണ്ടായിരുന്ന ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം നിലനിർത്തിയിട്ടുണ്ട്.
ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ലഘു പാനീയവും ലഘു ഭക്ഷണവും ലഭ്യമാക്കും. ഇതു കൂടാതെ ബസ്സിൽ ശുചിമുറി, വാഷ്ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം എന്നിവയും ഉണ്ട്. ഓൺലൈൻ വഴി റിസർവേഷൻ സൗകര്യം ലഭ്യമാകുന്ന ബസ് പുലർച്ചെ നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 നാണ് ബംഗളൂരുവിൽ എത്തിച്ചേരുക. അവിടെ നിന്നും ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ബസ് രാത്രി 10.05 നാണ് തിരിച്ച് കോഴിക്കോട് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക