ആരാധകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് നീട്ടിയതായി റിപ്പോർട്ട്. ജൂണിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.മുൻപ് റിലീസ് നേരെത്തേയെത്തുമെന്നുള്ള വാർത്തകളും എത്തിയിരുന്നു.
പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898AD’ ജൂൺ 27ന് റിലീസിനെത്തുന്നതിനാൽ ‘ഇന്ത്യൻ 2’ ജൂൺ 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഇൻഡ്യ ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ റിലീസ് നീട്ടിവെയ്ക്കുന്നതുമായോ നേരത്തേയാക്കുന്നതുമായോ ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
2019-ൽ ഇന്ത്യൻ 2വന്റെ നിർമ്മാണം ആരംഭിച്ചതാണ്. എന്നാൽ കൊവിഡ്, സെറ്റിലുണ്ടായ അപകടങ്ങൾ കാരണം ഷൂട്ട് നീണ്ടു പോവുകയായിരുന്നു. 2022-ലാണ് വീണ്ടും ഇന്ത്യൻ 2വിന്റെ നിർമ്മാണം പുനരാരംഭിക്കുന്നത്. ഇപ്പോൾ റിലീസിന് തൊട്ടരികിലെത്തുമ്പോഴാണ് വീണ്ടും നീട്ടിയതായുള്ള വാർത്തകൾ എത്തുന്നത്.
എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്.
ശങ്കർ ഇപ്പോൾ രാം ചരണിന്റെ ‘ഗെയിം ചേഞ്ചർ’ എന്ന സിനിമയുടെ പണിപ്പുരയിലാണ്. അതിനോടൊപ്പം തന്നെ ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക