തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും മിതമായ ഉപയോഗിക്കുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രാത്രി വാഷിംഗ് മെഷീന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
കെഎസ്ഇബിയുടെ കുറിപ്പ്
‘രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ’…
ചൂട് കൂടിയതോടെ സംസ്ഥാനത്ത് കഴിഞ്ഞ മാസം 44 കോടി യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവന്നു. ഇത് സർവ്വകാല റെക്കാഡാണ്. കഴിഞ്ഞ മാസത്തെ മൊത്തം ഉപഭോഗം 319.1 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 275.9 കോടിയും, വർദ്ധന 15.62 %.
ദേശീയതലത്തിൽ വർദ്ധന 10.89% മാത്രമാണ്. ഇന്ത്യയിലാകെ 144.25 ബില്യൺ യൂണിറ്റാണ് കഴിഞ്ഞ മാസത്തെ ഉപഭോഗം. കഴിഞ്ഞവർഷം ഇത് 130.08 ബില്യൺ ആയിരുന്നു. പ്രതിദിന ഉപഭോഗത്തിലും കേരളത്തിൽ റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. 12.38%. കഴിഞ്ഞ വർഷം പ്രതിദിനം 5024 മെഗാവാട്ടാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് 5646 മെഗാവാട്ടായി.
വൈദ്യുതി ഉപയോഗത്തിലെ പൊടുന്നനെയുള്ള വർദ്ധന വിതരണസംവിധാനത്തെ താറുമാറാക്കി. ജനങ്ങളുടെ സഹകരണത്തോടെ ഉപഭോഗം കുറച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. നിലവിൽ 100 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെയാണ് പ്രതിദിന ഉപഭോഗം.
ഉപഭോഗം നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം നിലയ്ക്കുന്ന സ്ഥിതിയാണ്. പുറമെ നിന്നുള്ള വൈദ്യുതിയെ പൂർണമായും ആശ്രയിക്കേണ്ടിവന്നാൽ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക