കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ഫ്ലേവി എന്ന ഒരു വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. പക്ഷികളിൽ നിന്നാണ് ഇവ കൊതുകുകളിലേക്ക് പടരുന്നത്. ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ. കൊതുകുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹീം വ്യക്തമാക്കി.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ് നൈൽ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം. എന്നാൽ ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക