മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐ.സി.എം.ആർ. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുനൽകിയ പതിനേഴിന മാർഗനിർദേശങ്ങളിലാണ് മദ്യപാനശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ. പറയുന്നു.
ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനംവരെ, വൈനിൽ എട്ടുമുതൽ പത്തുശതമാനംവരെ, ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പതു മുതൽ നാൽപതുശതമാനം വരെ എന്നിങ്ങനെയാണ് ഇതിന്റെ അളവുള്ളത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐ.സി.എം.ആർ. പറയുന്നു.
മദ്യോപഭോഗം കൂടുന്നതിനൊപ്പം വിശപ്പ് കുറയുകയും പോഷകങ്ങൾ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്നു. ഇത് വഴി ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐ.സി.എം. ആർ വ്യക്തമാക്കുന്നു. മദ്യോപയോഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐ.സി.എം.ആർ. പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക