ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.
പിത്തം, കഫം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായകരമായ കരിങ്ങാലിയെ നാം വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്നാണ് പഴമക്കാർ പറയാറുള്ളത്.
ഈ സസ്യത്തിന്റെ തണ്ട്, പൂവ്, വേര് എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. രക്തത്തെ ശുദ്ധീകരിക്കുന്നതിനും, കഫം, ചുമ, വിരശല്യം, ചൊറിച്ചിൽ എന്നിവ തടയാനും കരിങ്ങാലി ഏറെ സഹായകരമാണ്. പല്ലുകൾക്ക് ബലം നൽകുന്നതിനായി ആയുർവേദ മരുന്നുകളിൽ കരിങ്ങാലി വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കാറുണ്ട്. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിനും കരിങ്ങാലി ഉപയോഗിക്കുന്നു.
അഞ്ചു ഗ്ലാസ്സ് വെള്ളത്തിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച് വെള്ളത്തിന്റെ നിറം മാറുമ്പോൾ തണുപ്പിച്ച് ഉപയോഗിക്കാം. കരിങ്ങാലി ദാഹശമനിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സ്ഥിരമായി കരിങ്ങാലി വെള്ളം ഉപയോഗിക്കുന്നത് തൊലി മിനുസപ്പെടാൻ നല്ലതാണ്. മാത്രമല്ല ത്വക്ക് രോഗങ്ങൾക്ക് ഉത്തമമായ പ്രതിവിധി കൂടിയാണ് കരിങ്ങാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക