കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വ്യക്തമാക്കി. ഇവിടെ ഒൻപതിനായിരം കോഴികളെയാണ് വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തത് കാരണം ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 വൈറസ് സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി കളക്ടർ പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി കൊന്നൊടുക്കി ശാസ്ത്രീയ രീതിയിൽ സംസ്കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി എടുക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്ക്കരണം നടത്തുക. കേന്ദ്ര സർക്കാരിന്റെ 2021ലെ നിർദേശങ്ങൾ പ്രകാരമാണ് സംസ്ക്കരണനടപടി സ്വീകരിക്കുക.
മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) മുതലായ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് പൂർണമായി നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക