ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. വിവിധമായ കാരണങ്ങള്‍ കാല് വേദനയ്ക്ക് പിന്നിലുണ്ടാകാറുണ്ട്. ഇതില്‍ ചെറിയ കാരണങ്ങള്‍ മുതല്‍ നിസാരമാക്കി കാണാൻ സാധിക്കാത്ത ഗൗരവമേറിയത് വരെ കാണാം.
ചിലപ്പോൾ ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. എന്തായാലും പതിവായ കാല് വേദന ഒരു കാരണവശാലും നിസാരമായി എടുക്കാതിരിക്കുകയാണ് നല്ലത്.
മസില് സ്ട്രെയിൻ അഥവാ പെട്ടെന്നുള്ള ചലനങ്ങളുടെ ഭാഗമായോ കായികാധ്വാനങ്ങളുടെ ഭാഗമായോ എല്ലാം സംഭവിക്കുന്ന പ്രശ്നം. ഇങ്ങനെ സംഭവിക്കുമ്പോള്‍ പ്രത്യേകഭാഗത്ത് മാത്രമായിരിക്കും വേദന അനുഭവപ്പെടുക. അനങ്ങുമ്പോള്‍ പിന്നെയും വേദന കൂടാം.
പിഎഡി അഥവാ ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ എന്ന അസുഖത്തിന്റെ ഭാഗമായും കാല് വേദന പതിവാകാം. കാലിലേക്ക് രക്തയോട്ടം കുറയുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് നടത്തം, ഓട്ടം പോലുള്ള ചലനങ്ങള്‍ വരുമ്പോള്‍ വേദന കൂടാം. പിഎഡിയാണെങ്കില് സമയത്തിന് കണ്ടെത്തി ചികിത്സ തേടാനായില്ലെങ്കില്‍ അത് പിന്നീട് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) അടക്കമുള്ള അവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം.
ഡിവിടി അഥവാ ‘ഡീപ് വെയിൻ ത്രോംബോസിസ്’ എന്ന അവസ്ഥയിലും കാല് വേദന പതിവാകാം. രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയാണിത്. വേദനക്കൊപ്പം നീര് ചുവന്ന നിറം എന്നിവയും ഇതില്‍ കാണാം. ഡിവിടിയാണെങ്കില് സമയബന്ധിതമായ ചികിത്സ ആവശ്യമാണ്. അല്ലാത്തപക്ഷം ആരോഗ്യത്തിന് ഭീഷണിയാണ്.
മുട്ട് തേയ്മാനം, ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്നിവയുടെ ഭാഗമായും പതിവായി കാല് വേദന നേരിടാം. ഇതിനും മരുന്നുകളും തെറാപ്പിയുമെല്ലാം ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക