ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂൺ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരും. തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനും പുതിയ തന്ത്രങ്ങൾ ആലോചിക്കുന്നതിന്റെയും ഭാഗമായാണ് ഇന്ത്യ സഖ്യത്തിന്റെ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നത്.
രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ജൂൺ ഒന്നിനാണ്. സഖ്യത്തിന്റെ തുടർ നീക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്ന യോഗത്തിൽ ഒരുമിച്ച് മത്സരിച്ച സീറ്റുകളിലെ സഖ്യത്തിന്റെ പ്രകടനവും നേതാക്കൾ വിലയിരുത്തും. ഇതുകൂടാതെ ജൂൺ നാലിന് നടക്കാനിരിക്കുന്ന ഫല പ്രഖ്യാപനത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങൾ അടക്കം യോഗത്തിൽ ആസൂത്രണം ചെയ്യും.
ബിജെപിയെ പുറത്താക്കുക എന്ന ലക്ഷ്യവുമായി 25ലധികം പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വർഷമാണ് പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി സഖ്യം ഉണ്ടാക്കിയത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിലും യുപിയിലും അടക്കം മിക്ക സംസ്ഥാനങ്ങളിലും സഖ്യമാണ് മത്സരിച്ചത്.
7 ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാക്കി ജൂൺ നാലിനാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത്. മെയ് 25നാണ് രാജ്യത്ത് ആറാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക