പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും പ്രത്യേക അവധി നല്കി കോഴിക്കോട് സിറ്റി പോലീസ്. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്. ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തിലാകും.
പോലീസുകാര്‍ക്ക് കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുടെണ്ടെങ്കിലും ആവശ്യസര്‍വീസ് എന്ന വിഭാഗത്തില്‍ കുടുങ്ങി ഇവര്‍ക്ക് അനുവദിക്കപ്പെട്ട അവധിയുടെ പകുതിപോലും എടുക്കാന്‍ സാധിക്കാറില്ല. ഇത് പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുമാസം മുന്‍പ് കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.
കൂടാതെ ഇത് സംസ്ഥാന തലത്തില്‍ നടപ്പാക്കാനാണ് ആലോചന. അവധി അനുവദിച്ചത് ജില്ലാ പോലീസ് അസോസിയേഷന് സ്വാഗതംചെയ്തു. സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇത്തരം അവധികള്‍ ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.എസ്. ശ്രീലേഷ് പറഞ്ഞു. പോലീസുകാര്‍ക്ക് ജന്മദിനത്തിലും വിവാഹദിനത്തിലും അവധിയനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക