വിറ്റാമിന്‍ സിയുടെ കലവറയാണ് കശുമാങ്ങ. കശുമാങ്ങയിലെ ചവര്‍പ്പ് അഥവാ കാറലാണ് മറ്റ് ഫലങ്ങള്‍പോലെ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ കാരണം. ചവര്‍പ്പ് (കാറല്‍) കളഞ്ഞാല്‍ സ്വാദുകൊണ്ടും ഔഷധഗുണങ്ങള്‍കൊണ്ടും മുമ്പന്തിയിലുള്ള ഈ ഫലത്തെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. കശുമാങ്ങയില്‍ അടങ്ങിയ ടാനിന് എന്ന രാസപദാര്‍ഥത്തിന്റെ സാന്നിധ്യമാണ് കാറല്‍ അഥവാ ചവര്പ്പിന് അടിസ്ഥാനം.
കശുമാങ്ങയിലെ ടാനിന് നീക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് നോക്കാം:
കശുമാങ്ങ കഴുകിവൃത്തിയാക്കി ഗ്ളാസ്/പ്ളാസ്റ്റിക് ഭരണികളിലോ പ്ളാസ്റ്റിക് ബക്കറ്റിലോ ശേഖരിക്കണം. ആയതിലേക്ക് നാടന്‍ കറിയുപ്പ് ലായനി ഒഴിക്കണം. അഞ്ചുകിലോ കശുമാങ്ങയ്ക്ക് അരക്കിലോ കറിയുപ്പ് എന്ന തോതില്‍ വേണം ലായനി തയ്യാറാക്കാന്‍. കറിയുപ്പ് ലായനി ഓരോ ദിവസവും മാറ്റി പുതിയ കറിയുപ്പ് ലായനി ഒഴിക്കണം. ഇങ്ങനെ അഞ്ചുദിവസം കറിയുപ്പ് ലായനി മാറ്റണം. ആറാമത്തെ നാളില്‍ കശുമാങ്ങ കഴുകി ഉപയോഗിക്കാം. ഇങ്ങനെ ടാനിന് നീക്കംചെയ്ത കശുമാങ്ങകൊണ്ട് അച്ചാര്‍, ജാം, സ്ക്വാഷ്, ക്യാന്‍ഡി തുടങ്ങിയവ നിര്‍മിക്കാം. കശുമാങ്ങനീരിലെ ടാനിന് നീക്കംചെയ്യാനും നിരവധി മാര്‍ഗങ്ങളുണ്ട്.
കശുമാങ്ങ, പിഴിഞ്ഞ് നീരെടുത്ത് പ്ളാസ്റ്റിക് ഭരണിയിലോ ബക്കറ്റിലോ, ശേഖരിച്ച് അതില്‍ കട്ടിയുള്ള കഞ്ഞിവെള്ളം ഒഴിച്ചുവയ്ക്കലാണ് നാടന്‍രീതി. അഞ്ചുലിറ്റര്‍ കശുമാങ്ങാനീരില്‍ ഒരുലിറ്റര്‍ കഞ്ഞിവെള്ളം ഒഴിച്ച് ഇളകാതെ 12 മണിക്കൂര്‍ സൂക്ഷിക്കണം. ഇങ്ങനെ ചെയ്താല്‍ ടാനിന് അടങ്ങിയ ഭാഗം കശുമാങ്ങനീരിന്റെ അടിയില്‍ അടിഞ്ഞുകൂടും. മേല്‍ഭാഗത്തെ ചവര്പ്പില്ലാത്ത കശുമാങ്ങാനീര് സാവകാശം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം.
ചൗവരി പൊടിച്ച് ചൂടാക്കി കുറുക്കിയെടുത്ത് കശുമാങ്ങാനീരില്‍ ചേര്‍ത്തും കശുമാങ്ങാനീരിലെ ടാനിന് നീക്കംചെയ്യാം. ഒരു ലിറ്റര്‍ കശുമാങ്ങാനീരിന് അഞ്ചുഗ്രാം ചൗവരിയാണ് ചേര്‍ക്കേണ്ടത്. ചൗവരി കുറുക്കിയ മിശ്രിതത്തില്‍ രണ്ടരഗ്രാം പൊട്ടാസ്യം മെറ്റാബൈസള്ഫേറ്റും അഞ്ചുഗ്രാം സിട്രിക് ആസിഡുംകൂടി ചേര്‍ത്തിളക്കണം. ഇങ്ങനെ തയ്യാറാക്കിയ ലായനിയാണ് കശുമാങ്ങാനീരില്‍ ചേര്‍ക്കേണ്ടത്. ഇവ ചേര്‍ത്തുകഴിഞ്ഞാല്‍ 10 മണിക്കൂര്‍ ലായനി ഇളകാതെ സൂക്ഷിച്ചുവയ്ക്കണം. നിശ്ചിതസമയം കഴിയുമ്പോഴേക്കും ടാനില്‍ കട്ടിയായി കശുമാങ്ങാനീരിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടും. മേല്‍ഭാഗത്തെ കശുമാങ്ങാനീര് സാവധാനം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക