ഈ വർഷത്തെ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാർഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി സിബിഎസ്ഇ. മേയ് ആറിന് രാവിലെ പത്തു മുതല്‍ ഒന്നു വരെയാണ് നീറ്റ് പരീക്ഷ. പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുകൾ സംഭവിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഈ വർഷവും പിന്തുടരുന്നത്. വിദ്യാർഥികൾ ഇളം നിറത്തിലുള്ള അരകൈ വസ്ത്രങ്ങൾ ധരിക്കണം. എന്നാൽ വലിയ ബട്ടൺ, ബാഡ്ജ്, പൂക്കൾ എന്നിവ വസ്ത്രങ്ങളിൽ ഉണ്ടാകരുത്. ഷൂസ് ധരിക്കരുതെന്നും സിബിഎസ്ഇ നിർദേശിച്ചു.
കൂടാതെ പരീക്ഷ സെന്ററിൽ മൊബൈൽ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. ജോമട്രി/പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, ആഭരണങ്ങൾ, വാച്ച്, മറ്റു മെറ്റാലിക് ഉപകരണങ്ങള്‍ എന്നിവ സെന്ററിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും സിബിഎസ്ഇ പറഞ്ഞു.
അതേസമയം നിബന്ധനകൾക്ക് വിധേയമല്ലാത്ത വസ്ത്രങ്ങൾ വിദ്യാര്‍ഥികള്‍ ധരിച്ചെത്തിയാൽ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി സിബിഎസ്ഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക