കൊച്ചി: മെട്രോയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുല പരിപാടികളുമായി കെഎംആര്‍എല്‍. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടാണ് കൊച്ചി മെട്രോ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
ഈ മാസം 17ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഭീമന് കേക്ക് മുറിച്ച് ഒന്നാം വാര്‍ഷികം ആഘോഷിക്കും. 19ന് മെട്രോ യാത്ര തീര്‍ത്തും സൗജന്യമായിരിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്‍പ്പടെയുള്ള മറ്റ് ആഘോഷപരിപാടികളും കെഎംആര്‍എല്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. 19 ന് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിച്ചു. വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള അനുബന്ധ പദ്ധതികളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
തുടക്കത്തില്‍ ആറു കോടി രൂപയായിരുന്ന പ്രതിമാസ നഷ്ടം മൂന്നര കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണം പ്രതിദിനം ഇരുപത്തയ്യായിരത്തില്‍ നിന്നും നാല്പതിനായിരമായി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞതായി കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക