കണ്ണൂരിലെ ജർമ്മനി ആരാധകരെ നൈസ് ആയി ട്രോളിക്കൊണ്ട് കണ്ണൂർ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജർമ്മനിയുടെ ലോകകപ്പിൽ നിന്നുള്ള അതിദയനീയമായ പുറത്തുപോകലിൽ നെഞ്ചുകത്തി നിൽക്കുന്ന ജർമ്മൻ ആരാധകരുടെ നെഞ്ചിലെ എരിതീയിലേക്ക് എണ്ണകോരി ഒഴിക്കുന്നതുപോലെയായിരുന്നു കലക്ടർ മുഹമ്മദ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയ ജർമ്മനിയെ പരാജയപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ജർമ്മനിക്ക് വേണ്ടി കണ്ണൂർ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കളക്ടർ പോസ്റ്റിട്ടത്. ‘ കണ്ണൂരിലെ എല്ലാ ജർമ്മൻ ആരാധകരും ജർമ്മൻ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’ ; ഇതായിരുന്നു അദ്ദേഹം കുറിച്ചത്.
വലിയ പ്രതീക്ഷകളുമായെത്തിയ ലോകചാമ്പ്യന്മാരുടെ പരാജയത്തിൽ ആരാധകരെ അൽപ്പം ട്രോളുന്ന തരത്തിലായിരുന്നു കളക്ടറുടെ പോസ്റ്റ്. വിവിധ രാജ്യങ്ങളുടെ ആരാധകർ നഗരത്തിന്റെ അങ്ങോളമിങ്ങോളം ലോകകപ്പ് പ്രമാണിച്ച് നിരവധി ഫ്ളക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാൽ ഇതൊക്കെ എടുത്തുമാറ്റുക നഗരസഭയെ സംബന്ധിച്ച് ഭാരിച്ച പണി തന്നെയാണ്. ഈ സാഹചര്യത്തിലാണ് പുറത്തായ ടീമുകളുടെ ഫ്ളക്സുകൾ ആരാധകർ സ്വമേധയാ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കളക്ടർ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക