മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും സ്ത്രീസമത്വമില്ലെന്നാരോപിച്ച് ആക്രമണത്തെ അതിജീവിച്ച നടിയുൾപ്പടെ നാല് നടിമാർ പുറത്തു പോയപ്പോൾ അമ്മയുടെ തലപ്പത്തുള്ളവർ മൗനം പാലിക്കുകയാണുണ്ടായത്. പെണ്മക്കൾ പടിയിറങ്ങിപ്പോയിട്ടും പ്രതികരിക്കാത്ത അമ്മയുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് കേരളസമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജിവച്ച നാല് നടിമാർക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖർ ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു. ഈ അവസരത്തിൽ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രതികരണം പൃഥ്വിരാജിന്റേതാണ്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഘടനയുടെ രീതികൾക്കെതിരെ പരസ്യമായി രംഗത്ത് വരികയും ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത നടനാണ് പൃഥ്വിരാജ്.
ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആദ്യം അമ്മയിൽ നിന്നും പുറത്തേക്ക് പോയത് ആക്രമണത്തെ അതിജീവിച്ച നടിയായിരുന്നു. ഇനി അമ്മയിൽതുടരുന്നതിൽ അർത്ഥമില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടിമാരായ രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ് എന്നിവരും അമ്മയിൽ നിന്നും പുറത്തുപോകുന്നതായി ഡബ്ല്യൂ സി സിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. നാല് നടിമാരും പുറത്തുപോയ സാഹചര്യത്തിൽ അമ്മ പിളർപ്പിലേക്കാണോ നീങ്ങുന്നതെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിചേർത്ത അന്ന് മുതൽ തന്നെ ശക്തമായ നിലപാട് സ്വീകരിച്ച നടനാണ് പൃഥ്വിരാജ്. ഇത് സംബന്ധിച്ച് സംഘടനയിലുയർന്നു വന്ന ഏറ്റവും ശക്തമായ പുരുഷസ്വരവും പൃഥ്വിരാജിന്റേതായിരുന്നു. ദിലീപിനെ പുറത്താകുന്നതിനു വേണ്ടി തീരുമാനമെടുക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി വാദിച്ചതും പൃഥ്വിരാജയിരുന്നു. തുടക്കത്തിൽ ആസിഫ് അലിയെപ്പോലുള്ള യുവതാരങ്ങൾ പൃഥ്വിരാജിന്റെ നിലപാടിനെ പിന്തുണച്ചെങ്കിലും ഞായറാഴ്ച ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ മോഹൻലാലിൻറെ നേതൃത്വത്തിൽ വന്ന പുതിയ സമിതി ദിലീപിനെ വീണ്ടും സംഘടനയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് നടിമാർ സംഘടനാ വിട്ടതോടെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ അമ്മ പിളർന്ന് പുതിയൊരു സംഘടന രൂപം കൊള്ളുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ താരത്തിന്റെ പ്രതികരണത്തിനായി കാതോർത്തിരിക്കുകയാണ് സിനിമാലോകം.
എന്നാൽ അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കുന്ന പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ താരത്തെ കടുത്ത നിലപാടുകളെടുക്കുന്നതിൽ നിന്നും വിലക്കുമോ എന്നും സംശയിക്കുന്നവരുണ്ട്.
രാജിവച്ച നടിമാർ ഇപ്പോൾ സിനിമയിൽ സജീവമല്ലാത്തതിനാൽ അവരുടെ നിലപാടുകൾ അമ്മയ്ക്കുള്ളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനിടയില്ലെന്ന് ഒരുകൂട്ടർ വാദിക്കുന്നുണ്ട്. അതുകൂടാതെ വനിതാകൂട്ടായ്മയായ ഡബ്ല്യൂ സി സിയും ഇപ്പോൾ പിളർപ്പിന്റെ വക്കിലാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ചിലരുടെ വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ചാണ് ഡബ്ല്യൂ സി സി പ്രവർത്തിക്കുന്നതെന്നാരോപിച്ച് സ്ഥാപകനേതാക്കളിലൊരാളായ മഞ്ജു വാര്യർ ഡബ്ല്യൂ സി സിയോട് കാണിക്കുന്ന അകലവും ഈ വാർത്തകൾക്ക് ശക്തി കൂട്ടുന്നുണ്ട്. അമ്മയിൽ നിന്നും മഞ്ജു രാജി വയ്ക്കാത്തതും വൻചർച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക