എന്റെ രണ്ടു വൃക്കയും വയ്യ. ഏറ്റവും വലിയ ആഗ്രഹം ലാലേട്ടനെ കാണുക, രണ്ട് ഫോട്ടോയെടുക്കുക; അഭിജിത്തിന്റെ ഈ ആഗ്രഹം കണ്ണീരോടെയാണ് കേരളക്കര മുഴുവൻ കേട്ടത്. തങ്ങളുടെ പൊന്നോമനയുടെ ഈ ആഗ്രഹം സഫലമാക്കൻ മലയാളികൾ മുഴുവൻ മോഹൻലാൽ കാണുന്നത് വരെ അഭിജിത്തിന്റെ വീഡിയോ ഷെയർ ചെയ്തു. ഒടുവിലിതാ തന്റെ കുഞ്ഞാരധകനെ കാണാൻ സാക്ഷാൽ മോഹൻലാൽ എത്തുകയാണ്.
അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. വൃക്ക ദാനം ചെയ്യാൻ അച്ഛൻ വിജയകുമാരൻ പിള്ള സന്നദ്ധനാണെങ്കിലും ഇതിനായി ചെലവുവരുന്ന ഭീമമായ തുക കണ്ടെത്താൻ വഴിയില്ലാതെ പകച്ചു നിൽക്കുകയാണീ കുടുംബം. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് വൃക്കമാറ്റി വയ്ക്കലിനായി ചെലവ് വരിക. അഭിജിത്തിന്റെ കുഞ്ഞ് മനസിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണുക എന്നുള്ളത്. ഈ ആഗ്രഹം പങ്കുവയ്ക്കുന്ന വീഡിയോ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിനാളുകളാണ് ഇത് ഷെയർ ചെയ്തത്. ഒടുവിൽ അടുത്ത മാസം ആദ്യ വാരം ലൂസിഫറിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തുമ്പോൾ അഭിജിത്തിനെ കാണാമെന്ന് ലാൽ വാക്ക് കൊടുക്കുകയായിരുന്നു എന്ന് അഭിജിത്തിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും ഈ വിവരം സ്ഥിതീകരിച്ചിട്ടുണ്ട്.
ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇരു കിഡ്നികളും തകരാറിലായ അഭിജിത്തിന്റെ ലാലേട്ടനെ കാണണമെന്ന ആഗ്രഹം പൂർത്തീകരിക്കുവാൻ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ മുൻകൈയ്യെടുക്കുകയാണ്. അടുത്ത മാസം എട്ടാം തീയതി (ആഗസ്റ്റ് 8) ലൂസിഫറിന്റെ ഷൂട്ടിങ്ങ് സെറ്റിൽ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്ന കാര്യം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. ഒപ്പം അഭിജിത്തിന്റെ ചികിത്സയും ഏറ്റെടുക്കുകയാണ്. ആ കൊച്ചു കുഞ്ഞിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ വീഡിയോ ഷെയർ ചെയ്തും പ്രാർത്ഥിച്ചും കൂടെ നിന്ന എല്ലാവർക്കും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക