ശ്രീ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് നെയ്യഭിഷേകം. കായികവും മാനസികവും വാചികവുമായ സകല പാപപരിഹാരങ്ങൾക്കും ഭക്തന്റെ സകല ദുരിതശാന്തിക്കായും നടത്തുന്ന ഒന്നായാണ് നെയ്യഭിഷേകത്തെ കരുതുന്നത്. ശബരിമലയിലെ ഏറ്റവും പ്രധാന വഴിപാടും ഇതുതന്നെയാണ്. അയ്യപ്പദർശനത്തിന്നായി എത്തുന്ന ഭക്തർ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണ് ആചാരം. ഇരുമുടിയിൽ നെയ്ത്തേങ്ങകളുമായി അയ്യപ്പദർശനം നടത്തിയതിനു ശേഷം ഇരുമുടിക്കെട്ടിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്യാനായി നൽകുന്നു. അഭിഷേകശേഷം ആ നെയ്യ് ശേഖരിക്കുകയും തേങ്ങകൾ പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയിൽ സമർപ്പിക്കുകയും ചെയ്യുന്നു.
അയ്യപ്പന്മാർ ഇരുമുടിക്കെട്ടിൽ കരുതുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തു ഈ നെയ്ത്തേങ്ങകൾ തന്നെയാണ്. ഉത്തമമായ നാളികേരം വൃത്തിയാക്കി വെള്ളം കളഞ്ഞ് ഉണ്ടാക്കിയതിന് ശേഷമാണ് നാളികേരത്തിനുള്ളിൽ നെയ്യ് നിറയ്ക്കുന്നത്. ശരണം വിളികളോട് കൂടി വളരെ ഭക്തിയോട് കൂടിയാണ് അയ്യപ്പന്മാർ തേങ്ങയിൽ നെയ്യ് നിറയ്ക്കുന്നത്.
നമ്മുടെ മനസ്സിലെ ദുഷ്ടചിന്തകളും ആഗ്രഹങ്ങളും കൊണ്ട് സ്ഥൂലമായ നമ്മുടെ ശരീരത്തെ സൂചിപ്പിക്കുന്നതാണ് തേങ്ങയുടെ കാഠിന്യമേറിയ പുറന്തോട്. കാഠിന്യമേറിയ ശരീരത്തിനുള്ളിൽ നിറഞ്ഞിരിക്കുന്ന വിഷയാസക്തികളെ ഒഴുക്കിക്കളഞ്ഞ് ഭക്തിയാകുന്ന നെയ്യ് നിറച്ച് ആ നെയ്യാൽ ഭഗവാനെ അഭിഷേകം ചെയ്യുന്നു എന്ന സങ്കൽപ്പവും നെയ്യഭിഷേകത്തിന് പിന്നിലുണ്ട്.
നെയ്യഭിഷേകത്തിന്ഉപയോഗിക്കുന്ന നെയ്യ് പരിശുദ്ധിയുള്ളതായിരിക്കണം. അതുപോലെ ശുദ്ധമായിരിക്കണം നമ്മുടെ മനസ്സിലെ ഭക്തിയും. നെയ്ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനിൽ സമർപ്പിക്കുന്നതായാണ് സങ്കൽപം. തേങ്ങാമുറികളെ ജീവാത്മാവ് വേറിട്ട ശരീരം എന്ന് കരുതി ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുന്നു.
അഭിഷേകം ചെയ്യുന്ന നെയ്യിലെ ഭക്തിരസത്തെ ഭഗവാൻ സ്വീകരിച്ചതിന് ശേഷം ഭഗവാന്റെ ചൈതന്യം ആ നെയ്യിൽ നിറയ്ക്കുന്നു എന്നാണ് വിശ്വാസം. പ്രസാദമായി ലഭിക്കുന്ന അഭിഷേകം ചെയ്യുന്ന നെയ്യ് സേവിക്കുന്ന ഭക്തർ അയ്യപ്പ ചൈതന്യം നിറഞ്ഞവരാവുകയും സംസാര ജീവിതത്തെ കൂടുതൽ കരുത്തോടെ നേരിടാൻ പ്രാപ്തരാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക