ന്യൂഡല്‍ഹി: പ്രമുഖ മെസേജിംഗ് ആപ്പ് ആയ വാട്സാപ്പ് ഇന്ത്യ വിടാൻ സാധ്യത. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് വഴിയില്ലെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അഭിഭാഷകന് മുഖേനയാണ് കമ്പനി നിലപാട് അറിയിച്ചത്. സന്ദേശങ്ങള്‍ എന്‍ക്രിപ്ട് ചെയ്യുകയും സ്വകാര്യത നല്‍കുകയും ചെയ്യുന്നതുകൊണ്ടാണ് വാട്സാപ്പ് നിരവധിപേര്‍ ഉപയോഗിക്കുന്നതെന്നും മെറ്റ കോടതിയില്‍ വ്യക്തമാക്കി.
ഏതൊക്കെ സന്ദേശങ്ങളാണ് ഡിക്രീപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് അറിയില്ലെന്നും ദിവസേന ദശലക്ഷക്കണക്കിന് മെസേജുകളാണ് പ്രത്യേക നെറ്റ്വര്ക്കില് സൂക്ഷിക്കേണ്ടി വരികയെന്നും കമ്പനി വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കുള്ള 2021 ലെ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃ കമ്പനിയായ മെറ്റയും സമർപ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്മീത് പ്രീതം സിംഗ് അറോറ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2021 ഫെബ്രുവരി 25ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ് കേന്ദ്രം പ്രഖ്യാപിച്ചു. ഇത് പ്രകാരം ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് പാലിക്കണം. എന്‍ക്രിപ്ഷന്‍ നീക്കം ചെയ്യാന്‍ പറഞ്ഞാല്‍ വാട്ട്സ്ആപ്പ് ഇന്ത്യവിടും,”മെറ്റയ്ക്കായി ഹാജരായ അഭിഭാഷകന് തേജസ് കാര്യ കോടതിയിൽ വ്യക്തമാക്കി. കക്ഷികള്‍ വിഷയം വാദിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, സമാനമായ നിയമം മറ്റേതെങ്കിലും രാജ്യത്ത് നിലവിലുണ്ടോ എന്ന് ആരാഞ്ഞു.
‘ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു നിയമം ഇല്ല. ബ്രസീലില്‍ പോലും ഇല്ല,’ അഭിഭാഷകന് മറുപടി നൽകി. ഇതോടെ സ്വകാര്യത അവകാശങ്ങള്‍ കേവലമല്ലെന്നും എവിടെയെങ്കിലും ബാലന്‍സ് ചെയ്യണമെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക