ഷെയിൻ നിഗെമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഇഷ്ക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കേരളത്തിലെ സദാചാര പോലീസിങ്ങിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നിടത്ത് സദാചാര ലംഘനം കാണുന്ന പകല്‍ മാന്യന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. ഇതിനിടെ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു മോശം കമന്റിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.
ചിത്രം പല സിനിമകളുടെ കോപ്പിയാണെന്നും മലയാളത്തിലായത് കൊണ്ടാണ് സ്വീകരിക്കപ്പടുന്നതെന്നും പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും, എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞ് ഇറങ്ങും; ഇതായിരുന്നു യുവാവിന്റെ കമന്റ്. എന്നാൽ ഈ കമന്റിനെ വിമർശിച്ച് നിരവധി പേരാണ് റിപ്ലൈ നൽകിയത്. ഇത് ശ്രദ്ധയിൽ പെട്ട സംവിധായകൻ കമന്റിന്റെ സ്ക്രീന്ഷോട് ഉൾപ്പടെയുള്ളവയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
“ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..” എന്ന ക്യാപ്ഷനോടെയാണ് അനുരാജ് കമന്റ് പങ്കുവച്ചത്. സംവിധായകന്റെ അഭിപ്രായത്തെ പിന്താങ്ങി നിരവധിപേരാണ് എത്തിയിട്ടുള്ളത്. കൊള്ളേണ്ടിടത്ത് കൊണ്ടുവെന്നും ഇത്തരം ആൾക്കാരെ ഉന്നം വച്ച് തന്നെയാണ് ചിത്രം എടുത്തിട്ടുള്ളതെന്നും പലരും അഭിപ്രായപ്പെട്ടു.
ആൻ ശീതളാണ് ചിത്രത്തിലെ നായിക. മാല പാര്‍വതി, സ്വാസിക, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക