തിരുവനന്തപുരം: നഗരമധ്യത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) മരിച്ചു. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം.
വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തി. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്നത്.
എന്നാല്‍ താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന് പോലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക