പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ പരിധിയിൽ ഷവർമ്മ നിരോധിച്ച് മുനിസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. പയ്യന്നൂർ നഗരത്തിലെ ഡ്രീം ഡെസേർട്ട് ഹോട്ടലിൽനിന്ന് ഷവർമ്മ കഴിച്ച ഒരു കുടുംബത്തിലെ 5 പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
മാടക്കാൽ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടി.
പയ്യന്നൂരിലെ പഴയ ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടലിൽ നിന്നുമാണ് 2 പ്ലേറ്റ് ഷവർമ്മയും 5 കുബ്ബൂസും പാർസലായി വാങ്ങിയത്. ഇത് കഴിച്ച വീട്ടിലെ അഞ്ചുപേർക്കും ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിലെത്തിയ ഇവർക്ക് ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടർ സ്ഥിതീകരിച്ചതോടെ സുകുമാരൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകി.
ഇതേതുടർന്ന് ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പൂട്ടിക്കുകയും ചെയ്തു. 10000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ഹോട്ടലിന്റെ ലൈസൻസ് നിർത്തലാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും വ്യക്തമാക്കി.
നഗരത്തിലെ പല ഹോട്ടലുകളിലും ഇത്തരത്തിൽ പഴകിയ ഷവർമ്മ നൽകുന്നുണ്ടെന്ന് വ്യക്തമായതോടെ നഗരസഭാ ഇടപെട്ട് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നഗരസഭാ പരിധിയിൽ ഷവർമ്മ വിൽപ്പന നിരോധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക