ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടരുന്ന ദുബൈ മോട്ടോർ ഷോയുടെ 15ാം എഡിഷന് മികച്ച പ്രതികരണം. വ്യത്യസ്തതയും പുതുമയും തീർക്കുന്ന കാറുകളുടെ കമനീയ കാഴ്ചകളാണ് മേളയുടെ പ്രത്യേകത. ലോകത്തിലെ മികവുറ്റ ആഡംബര കാറുകളും സൂപ്പർ കാറുകളും വാഹനപ്രേമികൾക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
മോട്ടോർ ഷോ നഗരിയിൽ ഇടംപിടിച്ചിരിക്കുന്ന സ്പോർട്സ് കാറുകളാണ് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നത്. കൗതുകം തീർക്കുന്ന ക്ലാസിക് കാറുകളുടെ വലിയ ശ്രേണിയും പ്രദർശനത്തിന്റെ ഭാഗമാണ്.
ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പതു മണി വരെയാണ് പ്രദർശനം. 40 ദിർഹമാണ് പ്രവേശന ഫീസ്. 200 ദിർഹമിന്റെ പാസെടുത്താൽ അഞ്ചു ദിവസവും പ്രവേശിക്കാം. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും സ്ത്രീകൾക്കും ഉളവുണ്ട്.
ലോകത്തിലെ കാർ നിർമാതാക്കളിലെ അതികായന്മാരെല്ലാം ഒരു ഹാളിൽ അണിനിരക്കുന്നതാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ദുബൈ മോട്ടോർ ഷോയുടെ പ്രത്യേകത. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മോട്ടോർ പ്രദർശനം കൂടിയാണിത്. ബി.എം.ഡബ്ല്യു, കാഡിലാക്, ഷെവർലെ, ജി.എം.സി കമ്പനികൾ നിരവധി പുതിയ മോഡലുകളാണ് അവതരിപ്പിക്കുന്നത്.
ലോകത്തിലെ മികവുറ്റ 150 കമ്പനികളാണ് വാഹനവിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകളും മോഡലുകളും അവതരിപ്പിക്കുന്നത്്. അഞ്ചു ദിവസം നീളുന്ന ദുബൈ മെഗാ മോട്ടോർ പ്രദർശനത്തിൽ ലക്ഷത്തിലേറെ സന്ദർശകർ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക