ഒരു ദിവസത്തെ ഓട്ടപ്പാച്ചിലുകള്ക്കെല്ലാം ഒടുവില്‍ സമാധാനത്തോടെയുള്ള ഉറക്കം ആഗ്രഹിച്ചാണ് മിക്കവരും ബെഡ്റൂമില്‍ എത്താറുള്ളത്. എന്നാല്‍ ചില ബെഡ്റൂമുകള്‍ കാണുമ്പോള്‍ തന്നെ സമ്മര്‍ദം ഏറുകയാണ് ചെയ്യുക.
അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്ന ഫര്‍ണിച്ചറും വാരിവലിച്ചു കിടക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ ഉള്ള ഉറക്കം കൂടി ഇല്ലാതാക്കും.
മുറിക്ക് വലിപ്പം കൂടുതലാണെന്നു കരുതി സാധനങ്ങളും കുത്തിനിറയ്ക്കണമെന്നില്ല. അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമേ കിടപ്പറയില്‍ ഒരുക്കാവൂ.
ചെറിയ മുറിയാണെങ്കില് കണ്‍വെര്‍ട്ടബിള്‍ ഫര്‍ണിച്ചര്‍ ഗുണം ചെയ്യും. മടക്കാന്‍ കഴിയുന്ന കട്ടില്, കട്ടിലിനടിയില്‍ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യം എന്നിവ ഇത്തരം മുറികള്‍ക്ക് ഗുണമായിരിക്കും.
ബെഡ്റൂമുകളില്‍ ഏറ്റവുമധികം സ്ഥലം അപഹരിക്കുന്നത് കട്ടിലുകളാണ്. ശരിയായ സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ മുറിയുടെ സിംഹഭാഗവും അതിനായി പോകും.
മുറിയുടെ രൂപത്തിന് അനുസരിച്ചായിരിക്കണം കട്ടിലിടേണ്ടത്. ചെറിയ മുറിയാണെങ്കില് ചുമരിനോടു ചേര്‍ന്ന് കട്ടിലിടുന്നതായിരിക്കും സൗകര്യം.
വലിപ്പമില്ലാത്ത മുറികളില്‍ ബെഡ്സൈഡ് ടേബിളുകള്‍ ഒഴിവാക്കുകയായിരിക്കും നല്ലത്. വേണമെങ്കില്‍ ബെഡ്ഹെഡിനോട് ചേര്‍ന്ന് നിര്‍മിക്കാം.
കൂടുതല്‍ ഫ്രീ സ്പേസ് കാണുന്ന രീതിയിലായിരിക്കണം മുറി ഒരുക്കേണ്ടത്. വിസ്തൃതമായ ചുമരുകള്‍ മുറിക്ക് വലിപ്പം തോന്നിക്കും. പിന്നെ, തിരഞ്ഞെടുക്കുന്ന നിറങ്ങളും കര്‍ട്ടനുകളും.
മുറിയിലെ വസ്തുക്കള്‍ക്കും ചുമരുകള്‍ക്ക് ഉപയോഗിച്ച നിറങ്ങളുടെ ഷേഡുകള്‍ തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ഇളം നീലയാണ് ചുമരില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ കാര്‍പെറ്റും കര്‍ട്ടനുകളും ഇതിന്റെ വിവിധ ഷേഡുകളാക്കുക.
ഇത് വേണമെങ്കില്‍ ഇതേ ഷേഡിലുള്ള കടും നിറമായാലും മതി. ഫര്‍ണിച്ചറിനും ഇതിന്റെ ഭാവഭേദങ്ങള്‍ നല്‍കുക. പൊതുവായി പറഞ്ഞാല്‍ ഒരേ നിറത്തിന്റെ വിവിധ ഷേഡുകള്‍ മുറിയില്‍ നല്കുകയെന്നര്ഥം.
മുറിയുടെ ചുമരുകളില്‍ ഉപയോഗിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും വലിയ വലിപ്പത്തിലുള്ളതാവരുത്. വലിയ രൂപത്തിലുള്ളവയാണെങ്കില് മുറി വളരെ ചുരുങ്ങിയതായി തോന്നും. മുറികളില്‍ ഉപയോഗിക്കുന്ന ചില്ലുകൊണ്ടുള്ള ഫര്ണിച്ചറുകളാണെങ്കില് മുറിയുടെ വലിപ്പക്കുറവ് ഫീല്‍ ചെയ്യില്ല. എല്ലാ ഭാഗത്തേക്കും നല്ല കാഴ്ചകിട്ടുകയും ചെയ്യും.
സിംപിള്‍ ആന്‍ഡ് റൊമാന്റിക് ആയിരിക്കണം പെയിന്റ്. കൂടുതല്‍ പേരും ഇളം പിങ്ക്, റോസ്, മെറൂണ്‍, നീല, പച്ച, ഐവറി എന്നീ നിറങ്ങളാണ് തിരഞ്ഞെടുക്കുക. വേണമെങ്കില്‍ വിസ്താരമേറിയ ചുമരില്‍ ഒറ്റ കടുംനിറമടിച്ച് ഹൈലൈറ്റ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക