Home LATEST NEWS വരനെ ആവശ്യമുണ്ട്; കുടുംബസമേതം പോയി കാണാം ; റിവ്യു

വരനെ ആവശ്യമുണ്ട്; കുടുംബസമേതം പോയി കാണാം ; റിവ്യു

കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു നല്ല ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ഒരുപാട് സവിശേഷതകളുമായാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ രണ്ടു തലമുറകളുടെ സംഗമം എന്നതാണ് ഇതിൽ പ്രധാനം.

കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് വരനെ ആവിശ്യമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികയാകുന്നു. ദുൽഖർ നിർമാതാവിന്റെ വേഷവും അണിയുന്നു എന്നിവയാണ് ചിത്രത്തിന്റെ മറ്റു പ്രത്യേകതകൾ.

ദുൽഖര്‍ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ സജീവമാക്കുന്നത് ദുൽഖറിന്റെയും കല്യാണിയുടെയും സാന്നിധ്യമാണ്. കെപിഎസി ലളിത, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി, ഉർവശി, സിജു വിൽസൺ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ലാൽ ജോസും അതിഥി വേഷത്തിൽ എത്തുന്നു.

ചെന്നൈ നഗരത്തിലെ  ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിവാഹമോചിതയായ നീനയും മകൾ നികിതയുമാണ് ഒരു കുടുംബം. നീന ഒരു ഫ്രഞ്ച് സ്പോക്കൺ സ്‌കൂളിൽ അധ്യാപികയാണ്. നികിത ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.

നീനയുടെ തകർന്ന പ്രണയവിവാഹജീവിതം കണ്ടു വളർന്നതു കൊണ്ട് നികിതയ്ക്ക് അറേഞ്ച്ഡ്‌ വിവാഹത്തോടാണ് താൽപര്യം. അതിനായി മാട്രിമോണിയൽ വെബ്‌സൈറ്റിൽ തിരയുന്നുമുണ്ട്. ഇവർ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക്  ബിബീഷ് എന്ന ചെറുപ്പക്കാരനും കുഞ്ഞനിയനും പ്രായമായ ഒരു സ്ത്രീയും താമസത്തിനെത്തുന്നു.

അതേസമയത്തുതന്നെ പട്ടാളത്തിൽനിന്നു വിരമിച്ച ഒറ്റാന്തടിയായ മേജർ ഉണ്ണികൃഷ്ണനും അവിടേക്കെത്തുന്നു. നീന-മേജർ ഉണ്ണികൃഷ്ണൻ, ബിബീഷ്-നികിത… ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കുന്ന ഇവർ തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും ഇവരുടെ പൂർവകാല ജീവിതവുമാണ് ചിത്രം വരച്ചുകാട്ടുന്നത്.

ഇതുവരെ ചെയ്ത ചടുലമായ കഥാപാത്രങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു സുരേഷ് ഗോപിയുടെ ഉണ്ണികൃഷ്ണൻ. മധ്യവയസ്സിലും ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന, സ്ത്രീകളോട് ഇടപഴകുമ്പോഴും സ്റ്റേജിൽ കയറുമ്പോഴും മുട്ട് വിറയ്ക്കുന്ന നിഷ്കളങ്കൻ.

ഉള്ളിൽ തോന്നുന്ന പ്രണയം പ്രകടിപ്പിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന അവസ്ഥ. ഇതെല്ലാം  കുടുംബപ്രേക്ഷകരെ രസിപ്പിക്കുംവിധം സുരേഷ്‌ഗോപി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. പട്ടം പോലെ പാറി നടക്കുന്ന കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്ന ബിബീഷ്. ഫ്രോഡ് എന്നാണ് അയാളെ അടുപ്പമുള്ളവർ വിളിക്കുന്നത്.

തന്റെ കുടുംബത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ മുറിവ് ആരെയും അറിയിക്കാതെ അയാൾ ഹാപ്പിയായി ജീവിക്കുന്നു. ആദ്യ പകുതിയിൽ സ്‌ക്രീൻ ടൈം കുറവാണെങ്കിലും അവസാനഭാഗത്ത് ആ കുറവ് പരിഹരിക്കപ്പെടുന്നുണ്ട്.

Also Read :   വിചാരിച്ചതിലും വളരെ മുമ്പാണോ ഒമിക്രൊൺ ഉയർന്നുവന്നത്? ലണ്ടനിൽ വച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ഇസ്രായേലി ഡോക്ടർ പറയുന്നു

പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സര്‍വജിത്താണ് ദുൽഖറിന്റെ കുഞ്ഞനിയന്റെ വേഷത്തിലെത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർക്ക്ഔട്ട് ചെയ്തിട്ടുമുണ്ട്.

varane-avashyamund-trailer

നീന എന്ന കഥാപാത്രത്തെ ശോഭന ഭംഗിയാക്കിയിട്ടുണ്ട്.  ജീവിതത്തിന്റെ വസന്തകാലത്ത് നിരവധി പ്രണയ, പ്രണയഭംഗങ്ങളിലൂടെ കടന്നുപോയ സ്ത്രീയാണ് നീന. ഇപ്പോൾ വിവാഹപ്രായമായ മകളുണ്ട്.

മധ്യവയസ്സിൽ അവർക്കു തോന്നുന്ന പ്രണയം അവരുടെ വിരസമായ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിത്രം കാട്ടിത്തരുന്നു. ചെയ്യുന്ന കഥാപാത്രങ്ങൾ വലിപ്പച്ചെറുപ്പമില്ലാതെ ഭംഗിയാക്കുന്ന രണ്ടു നടിമാരാണ് കെപിഎസി ലളിതയും ഉർവശിയും. ഇവിടെയും ആ പതിവ് തുടരുന്നു. പ്രിയദർശൻ എന്ന സർനെയിമിന്റെ ഭാരം ഇല്ലാതെയുള്ള അഭിനയമാണ് കല്യാണി കാഴ്ചവച്ചിരിക്കുന്നത്.

വൈകാരിക രംഗങ്ങൾ അതിഭാവുകത്വമില്ലാതെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പുതുമുഖമായ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ഉടനീളം ഏറെ ചിരിപ്പിക്കുന്നത് ജോണി ആന്റണിയുടെ സൈക്യാട്രിസ്റ്റാണ്.

ലാൽ ജോസിന്റെ കഥാപാത്രവും ചിത്രത്തിന്റെ തുടക്കത്തിൽ ചിരിയുണർത്തുന്നു.

dulquer-varane-avashyuund

ഏറെക്കുറെ ഒരു പുതുമുഖത്തിന്റെ സമ്മർദങ്ങൾ  ഇല്ലാതെ തന്നെ കഥയും തിരക്കഥയും സംവിധാനവും ഭംഗിയായി അനൂപ് നിർവഹിച്ചിരിക്കുന്നു. രണ്ടര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിർവചിച്ചത്.

ചെന്നൈയുടെ നഗരക്കാഴ്ചകളും ജീവിതവുമെല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. സന്തോഷ് വർമയുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ഈണം പകർന്നിരിക്കുന്നു. കെ.എസ്. ചിത്ര ആലപിച്ച ഗാനങ്ങൾ ഹൃദ്യമാണ്.

മലയാളസിനിമ ഒരുപാട് മാറിയെങ്കിലും ഇപ്പോഴും പഴയ ഫോർമുല വിജയകരമായി കൊണ്ടുപോകുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബജീവിതത്തിന്റെ രസക്കാഴ്ചകളും രസക്കേടുകളും ചേർത്തൊരുക്കുന്ന രസതന്ത്രമാണ് അദ്ദേഹത്തിന്റെ സിനിമകൾ.

മകൻ അനൂപും പിന്തുടരുന്നത് അച്ഛൻ തെളിയിച്ച ആ വഴിയിലൂടെയാണ്.  സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷത ‘കുടുംബസമേതം പോയി വിശ്വസിച്ചു കാണാം’ എന്നതാണല്ലോ.

ആ വിശ്വാസം മകൻ അനൂപ് സത്യനിലൂടെ അടുത്ത തലമുറയിലേക്കും തുടരുകയാണ്. അപ്പോൾ കുടുംബപ്രേക്ഷകർക്ക്  ധൈര്യമായി ടിക്കറ്റെടുക്കാം.