പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തി വില്ലൻചുമയുടെ വ്യാപനം. ചൈനയിൽ റിപ്പോർട്ട് ചെയ്ത നിരവധി മരണങ്ങൾക്ക് പുറമേ, യുഎസ്, യുകെ, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്സ് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് വില്ലൻചുമ. ഇതൊരു പകർച്ചവ്യാധിയാണ്. ശിശുക്കളിലും കൊച്ചുകുട്ടികളിലുമാണ് വില്ലൻചുമ കൂടുതലായി കാണുന്നത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ രോഗബാധിതനായ വ്യക്തി ഉത്പാദിപ്പിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം അതിവേഗത്തിൽ പകരുന്നത്.
മൂക്കടപ്പ്, ജലദോഷം, നേരിയ പനി, ചുമ തുടങ്ങിയ പൊതുവായ ലക്ഷങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാകുന്നത്. ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ ഇത് രോഗനിർണയം ബുദ്ധിമുട്ടാക്കുന്നു. ന്യുമോണിയ, അപസ്മാരം, മസ്തിഷ്ക ക്ഷതം തുടങ്ങിയ ചില ഗുരുതരമായ സങ്കീർണതകളും വില്ലൻചുമയ്ക്കുണ്ടാകാം.
ലബോറട്ടറി പരിശോധനകളായ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ), ശ്വാസകോശ സ്രവങ്ങളുടെ സാംപ്ലിങ് എന്നിവയിലൂടെ ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി രോഗം നിർണയിക്കാൻ കഴിയും.
കുട്ടികൾക്കായി ഡി ടാപ് (DTaP) വാക്സിൻ ആണ് കൂടുതൽ അഭികാമ്യം. മുതിർന്നവർക്ക് ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയയിൽ നിന്നും സംരക്ഷണം നൽകുന്ന റ്റി ടാപ് (Tdap ) വാക്സിനാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക