തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാല് പേര് അറസ്റ്റിലായി. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ആദ്യം വൈറസ് ബാധിതരായി രോഗം ഭേദമായ മൂന്നുപേരെ കൂടാതെയാണിത്. പുതിയതായി ആറുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വരെ ആറു പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക