തിരുവനന്തപുരം: വീഡിയോ കോൾ വഴി വീട്ടിലിരുന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാവാൻ കേരള പോലീസിന്റെ നേതൃത്വത്തിൽ പുതിയ മൊബൈൽ ആപ്പ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കൽ സേവനം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്കും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താം. ജനമൈത്രി പോലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആർ എന്ന സ്ഥാപനവും ചേർന്നാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ‘blueTeleMed’ എന്ന മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.
കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭ്യമാകും. ആപ്പിൽ ശേഖരിച്ചിരിക്കുന്ന ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും.
ഡോക്ടർ വീഡിയോകോൾ മുഖേന രോഗിയെ പരിശോധിച്ച് പ്രിസ്ക്രിപ്ഷൻ നൽകും.തുടർചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്താൽ ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക