സൂര്യ നിര്‍മ്മിച്ച ചിത്രമായ ‘പൊന്മകള് വന്താല്‍’ തിയറ്ററില്‍ റിലീസ് ചെയ്യാതെ നേരിട്ട് ഓണ്‍ലൈന്‍ റിലീസ് നടത്താൻ തീരുമാനിച്ചതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത്. പൊന്മകള് വന്താല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തിയേറ്റര്‍ അസോസിയേഷന് നിലപാട് അറിയിച്ചത്. സൂര്യ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ സിനിമകള്‍ക്ക് തിയറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം.
സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ ടു.ഡി എന്റര്‍ടെയ്ന്‍മെന്റ്സ് ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചിത്രമാണ് ‘പൊന്മകള് വന്താല്‍’. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലാണ് ‘പൊന്മകള് വന്താല്‍’ റിലീസിന് ഒരുങ്ങുന്നത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്റെ നീക്കം. തമിഴ്നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷനാണ് സൂര്യ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്ന നിലപാട് അറിയിച്ചത്.
ചിത്രത്തിന് തിയറ്റര്‍ റീലീസ് വേണ്ടെന്ന സൂര്യയുടെ തീരുമാനം അപലപനീയമാണെന്ന് തമിഴ്നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേന്‍ ഭാരവാഹി ആര്.പനീര്‍സെല്‍വം പ്രതികരിച്ചു. ‘നിര്‍മ്മാതാക്കളോട് അവരുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ ഇനി മുതല്‍ ആ നിര്‍മ്മാണ കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. തുടര്‍ന്നും അവര്‍ ഒ.ടി.ടി റിലീസ് തന്നെ ചെയ്യട്ടെ. ഞങ്ങളുടെ തിയ്യേറ്ററുകളില്‍ അത് ആവശ്യമില്ല. ഇതാണ് അസോസിയേഷന്റെ തീരുമാനം.’ ആര്.പനീര്‍സെല്‍വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക