ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെക്കായി വലവിരിച്ച് ലിവർപൂൾ എഫ്സി. താരത്തിന്റെ പിതാവും ലിവർപൂൾ പരിശീലകൻ യോർഗൻ ക്ലോപ്പും ഫോണിൽ സംസാരിച്ചതായി ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നു.
പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരത്തിനായി റയൽ മാഡ്രിഡ് അടക്കമുള്ള പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ട്. എംബാപ്പെയുടെ പിതാവുമായി സംസാരിക്കുന്നത് വഴി ട്രാൻസ്ഫർ എളുപ്പമാക്കാമെന്ന് ലിവർപൂൾ പ്രതീക്ഷിക്കുന്നതായി ലെ 10 സ്പോർട്ട്സ് റിപ്പോർട്ട് ചെയ്യുന്നു.
2017 മുതൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരം ഇന്ന് കരിയറിന്റെ ഒരു ടർണിങ് പോയിന്റിലാണ്. വരുന്ന സീസണോടെ എംബാപ്പെ ക്ലബ്ബ് വിട്ടേക്കും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിനായി വമ്പന്മാരെല്ലാം തന്നെ വലവീശും. എന്നാൽ തന്റെ ട്രാൻസ്ഫറിനെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും കൃത്യമായ സൂചന നൽകുന്നുണ്ട് എംബാപ്പെ.
ഈയടുത്ത് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ലിവർപൂളിനോടുള്ള ആരാധന തുറന്നുപറയാൻ താരം ഒട്ടും മടികാണിച്ചില്ല.
“ഇപ്പോൾ ലിവർപൂൾ ചെയ്യുന്നത് അവിശ്വസിനീയമാണ്. ജയിക്കാൻ മാത്രമായുള്ള യന്ത്രമാണവർ. ഒരൊറ്റ കളിപോലും അവർ തോറ്റിട്ടില്ല. കളി കാണുന്നവർക്ക് അത് എളുപ്പമാണെന്ന് തോന്നുമായിരിക്കും. എന്നാൽ അതത്ര എളുപ്പമല്ല. അവർ അത്രയും ശ്രദ്ധയോടെയാണ് കളിക്കുന്നത്. ഓരോ മൂന്ന് ദിവസത്തിലും അവർ കളിക്കുന്നു. എല്ലാ കളിയും ജയിക്കുകയും ചെയ്യുന്നു. എല്ലാവരും ഉറ്റുനോക്കുന്ന ടീമാണ് ലിവർപൂൾ. മികച്ച ടീമും മികച്ച ഒരു പരിശീലകനാണ് അവർക്കുള്ളത്,” എംബാപ്പെ ബിബിസിയോട് പറഞ്ഞു.
ഈ ആരാധന തങ്ങൾക്ക് അനുകൂലമായ തീരുമാനമാകുമെന്നാണ് ലിവർപൂളും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ട്രാൻസ്ഫർ വിപണിയിൽ വലിയ നിക്ഷേപങ്ങൾക്ക് മുതിരാതെ താരങ്ങളുടെ മികവ് വർദ്ധിപ്പിക്കുക എന്ന ആശയത്തിലാണ് ലിവർപൂൾ പ്രവർത്തിച്ചിട്ടുള്ളത്. അതിനാൽ തന്നെ എംബാപ്പെയെ വാങ്ങുക ലിവർപൂളിന് ബുദ്ദിമുട്ടുള്ള കാര്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക