വിൻഡീസിന്റെ മുൻ താരമായ രാംനരേഷ് സര്‍വനെതിരേ ആഞ്ഞടിച്ച് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ല് രംഗത്ത്. കൊറോണ വൈറസിനേക്കാള്‍ മോശമായ വിഷപ്പാമ്പാണ് സർവൻ എന്നാണ് തന്റെ യൂട്യൂബ് വീഡിയോയില്‍ ഗെയ്ല് സർവനെതിരെ തുറന്നടിച്ചത്.
ഇപ്പോള്‍ ലോകമാകെ വിറപ്പിക്കുന്ന കൊറോണവൈറസിനേക്കാള്‍ മോശമാണ് സര്‍വന്‍. മുമ്പൊരിക്കല്‍ പിറന്നാള്‍ ആഘോഷത്തില്‍ എന്നെക്കുറിച്ച് ഏറെ നേരം സംസാരിച്ച വ്യക്തി കൂടിയായിരുന്നു നീ. എന്നാല്‍ സർവൻ, നീ ഒരു വിഷപ്പാമ്പാണ്. നിനക്കറിയാമോ, കരീബിയയില്‍ ഏറ്റവുമധികം പേര് ഇഷ്ടപ്പെടുന്ന വ്യക്തി നീയല്ല. നീ പക്വതയില്ലാത്തവനും പ്രതികാരശീലമുള്ളയാളും പിറകില്‍ നിന്നു കുത്തുന്നവനുമാണ്. ഗെയ്ല് വീഡിയോയില്‍ പറഞ്ഞതിങ്ങനെ.
കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ ജമൈക്ക തലാവാസുമായുള്ള തന്റെ കരാര്‍ അവസാനിക്കാന്‍ കാരണം സര്‍വനാണെന്നാണ് ഗെയ്ല് ആരോപിക്കുന്നത്. കഴിഞ്ഞ സീസണിനു ശേഷമായിരുന്നു യൂനിവേഴ്സല്‍ ബോസുമായുള്ള കരാര്‍ തലാവാസ് റദ്ദാക്കിയത്. പുതിയ സീസണില്‍ സെന്റ് ലൂസിയ ഫ്രാഞ്ചൈസിയിലേക്കു അദ്ദേഹം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വനെതിരേ ഗെയ്ല് രംഗത്തുവന്നത്. തലാവാസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് സര്‍വന്‍. തന്നെ ടീമില്‍ നിന്നു പുറത്താക്കാനുള്ള കാരണക്കാരന്‍ സര്വനാണെന്നു ഗെയ്ല് ആരോപിക്കുന്നു.
തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനായിരുന്നു ഗെയിലിന്റെ പ്ലാൻ. 2019ലാണ് ഗെയ്ല് തലാവാസ് ടീമിനൊപ്പം ചേരുന്നത്. ഫ്രാഞ്ചൈസിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയായിരുന്നു. 2013, 16 സീസണുകളില്‍ തലാവാസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ ഗെയ്ല് പങ്കാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക