കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ചീരയെപ്പോലെ ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം. നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലും ഇതു നന്നായി വളരും.
തിരിച്ചറിയാം
ഇലയുടെ അടിയില്‍ ചില കുത്തുകള്‍ കാണും..ഈ കുത്തുകള്‍ ചീര ചെമ്പിന് മാത്രം സ്വന്തം ആണ്. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും. ഇതിനു കിഴങ്ങുണ്ടാവുകയില്ല എന്നതും ഇതിന്റെ പ്രത്യേകത ആണ്. ചേമ്പ് വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ആണ് ഇതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് ചീര തോരന്‍ വെക്കും പോലെ തോരന്‍ വെക്കാം. ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനം ആണ് ചീര ചേമ്പ്. വിറ്റമിന്‍ A, വിറ്റമിന്‍ C, വിറ്റമിന്‍ B6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി.
ഗുണങ്ങള്‍
1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.
9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
നടലും പരിപാലനവും
ചേമ്പ് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനമാണ് ചീരച്ചേമ്പ്. ഇതിനു വിത്തുണ്ടായിരിക്കില്ല. അതുപോലെ ചൊറിച്ചിലും ഉണ്ടാവില്ല. ഒരെണ്ണം നട്ടാല്‍ കരുത്തോടെ വളര്‍ന്ന് ഒരുപാട് തൈകളുണ്ടാവും. ചുവട്ടില്‍ വളരുന്ന കുഞ്ഞു തൈകള്‍ വേരോടെ പറിച്ചാണ് നടാന്‍ ഉപയോഗിക്കുന്നത്. വലിയ പരിചരണം ആവശ്യമില്ലെങ്കിലും നന്നായി നനക്കുകയും, വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും. ഇത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ രണ്ടു ചുവട് എങ്കിലും ചീരച്ചേമ്പ് ഉള്ളത് നല്ലതാണ്. കീടങ്ങളൊന്നും ഇവയെ ബാധിക്കുകയില്ല. ഇതിനാല്‍ കീടനാശിനികളുടെ പ്രയോഗവും ആവശ്യമില്ല.
വിഭവങ്ങള്‍ തയാറാക്കാം
പോഷക സമൃദ്ധം എന്നതു പോലെ ഏറെ രുചികരവുമാണ് ചീരച്ചേമ്പ്. മറ്റു ചേമ്പിനങ്ങളുടെ തണ്ട് കറികള്‍ക്ക് ഉപയോഗിക്കുമെങ്കിലും അവയ്ക്ക് ചിലപ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമാറ്റാന്‍ പുളി ചേര്‍ക്കേണ്ടി വരുന്നു. ചീരച്ചേമ്പിന് ഇതിന്റെ ആവശ്യമൊന്നുമില്ല. അധികം മൂപ്പെത്താത്ത ഇലകളും തണ്ടും ചുവട്ടില്‍ നിന്ന് മുറിച്ചെടുത്ത് ഇലകള്‍ ചെറുതായി അരിഞ്ഞ്, തണ്ടിന്റെ പുറംഭാഗം തോല് നീക്കി മുറിച്ച് ഉപയോഗിക്കുക. ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇതുകൊണ്ട് ഉണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക