കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടച്ചിടൽ തുടരാൻ വിവിധ ആരാധനാലയങ്ങൾ തീരുമാനിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിലെ 12 പള്ളികൾ 30 വരെ തുറക്കില്ല. ഈരാറ്റുപേട്ട മസ്ജിദ് കൗൺസിലിന് കീഴിലുള്ള ജുമാ മസ്ജിദുകളും നമസ്കാര പള്ളികളും തൽക്കാലം തുറക്കില്ല. ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ലോക്ഡൗൺ സമയത്ത് നടന്നിരുന്ന ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. തിരുവല്ല മുസ്ലീം ജമാഅത്തിന് കീഴിലുള്ള പള്ളികളൊന്നും തുറക്കില്ലെന്ന് ജമാഅത്ത് പരിപാലന സമിതി അറിയിച്ചു.കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദും മഹല്ലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു പള്ളികളും തുറക്കില്ല.
ആലപ്പുഴ കിഴക്കേ മുസ്ലിം ജമാ അത്ത് മസ്താൻ പള്ളിയുടെ കീഴിലെ പതിനഞ്ചോളം പള്ളികൾ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പള്ളികൾ എന്നിവ 30വരെ തുറക്കില്ല. കെഎൻഎം മർകസ്ദ, അവയുടെ കീഴിൽ ജില്ലയിലുള്ള മസ്ജിദുകളും തുറക്കില്ല. ആലപ്പുഴ രൂപതയ്ക്ക് കീഴിലെ പള്ളികൾ നിലവിലെ സ്ഥിതി തുടരും. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ 22 വരെ ഇപ്പോഴത്തെ സ്ഥിതി തുടരും.സിറോ മലബാർ സഭ എറണാകുളം–അങ്കമാലി അതിരൂപതയിലെ പള്ളികൾ 30 വരെ അടച്ചിടുമെന്ന് എറണാകുളം–അങ്കമാലി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ അറിയിച്ചു.
സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്ന പള്ളികൾമാത്രമേ തുറക്കാവൂ എന്ന് യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർദേശിച്ചു. എറണാകുളം ജില്ലയിലെ നൂറോളം മുസ്ലിം പള്ളികളും തൽക്കാലം തുറക്കില്ല. സംയുക്ത മഹല്ല് കമ്മിറ്റിയുടേതാണ് തീരുമാനം. 30 വരെ പള്ളികൾ തുറക്കേണ്ടെന്ന് കൊച്ചി താലൂക്ക് സെൻട്രൽ ജമാ അത്ത് കൗൺസിൽ യോഗവും തീരുമാനിച്ചു. തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലെ മുസ്ലിം പള്ളികളും തുറക്കില്ല. സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് തോന്നുന്നവർ പള്ളി തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിൽ നഗരങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും ഭൂരിഭാഗം മുസ്ലിംപള്ളികളും തുറക്കില്ല. മട്ടന്നൂർ മഹാദേവ ക്ഷേത്രം തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. കാസർകോട് തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളി തൽക്കാലം തുറക്കില്ല. മലപ്പുറത്ത് പള്ളികൾ തുറക്കില്ല മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം പ്രാർഥനക്കായി തുറക്കേണ്ടതില്ലെന്ന് ജില്ലാ മുസ്ലിം കോ- –-ഓഡിനേഷൻ കമ്മിറ്റി. എല്ലാ സംഘടനാ നേതാക്കളോടും ആശയവിനിമയം നടത്തിയശേഷമാണ് തീരുമാനമെന്ന് കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഇതരസംസ്ഥാനക്കാരും അപരിചിതരും ധാരാളം വന്നുപോകുന്ന നഗരമധ്യത്തിലെ പള്ളികൾ തുറക്കില്ലെന്നും അറിയിച്ചു. പാളയം ജുമാമസ്ജിദും സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലും ചൊവ്വാഴ്ച തുറക്കില്ല.
അടച്ചുപൂട്ടല്‍ നിയന്ത്രണത്തിന് ഇളവേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ ചൊവ്വാഴ്ചമുതൽ ഭക്തര്‍ക്കായി തുറക്കും. സംസ്ഥാനവ്യാപകമായി ആരാധനാലയങ്ങളും പരിസരവും ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക