വിക്ടേഴ്സ് ചാനലിൽ “ഫസ്റ്റ്ബെൽ’ ഓൺലൈൻ പ്രത്യേക ക്ളാസ്സുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും. മുഴുവൻ വിഷയങ്ങളിലും തുടർപാഠങ്ങൾ വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ഘട്ടത്തിലായി നടത്തിയ ട്രയൽ വിജയകരമായതിനെത്തുടർന്നാണ് തിങ്കളാഴ്ചമുതൽ മുഴുവൻ വിഷയങ്ങൾക്കും ക്ലാസ് ആരംഭിക്കുന്നത്. എസ്സിഇആർടിയാണ് പാഠഭാഗങ്ങൾ ഒരുക്കിയത്.
സ്കൂൾ തുറക്കുന്നതിനുമുമ്പ് നടത്തിയ പരിശോധനയിൽ 2.5 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലെന്നു കണ്ടെത്തിയിരുന്നു. ആദ്യ ആഴ്ചതന്നെ രണ്ടുലക്ഷത്തിലേറെ പേർക്ക് ടിവി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊതുജന സഹകരണത്തേടെ ലഭ്യമാക്കി. അവശേഷിച്ചവർക്കും പഠന സൗകര്യമൊരുക്കിയതോടെയാണ് മുഴുവൻ വിഷയങ്ങൾക്കും തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുന്നത്. ഏതെങ്കിലും കുട്ടികൾക്ക് പഠനം പ്രയാസമാണെന്ന് അറിഞ്ഞാൽ സ്കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി വാങ്ങിയ ലാപ്ടോപ് എത്തിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിർദേശിച്ചു.
വിക്ടേഴ്സ് ചാനലിനുപുറമെ ഫെയ്സ്ബുക്കിൽ victerseduchannel ൽ ലൈവായും യുട്യൂബിൽ itsvicters ക്ലാസുകൾ കാണാം. തിങ്കൾമുതൽ വെള്ളിവരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണസമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽനിന്നും ഓഫ്ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.
ഓൺലൈൻക്ലാസിൽ, ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കൂടി സഹായകമാകുന്ന വിധം കാര്യങ്ങൾ എഴുതിക്കാണിക്കും.ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണവും നൽകും. ഉർദു, സംസ്കൃതം, അറബിക് ക്ലാസും തുടങ്ങും. തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക