നാട്ടുവഴിയുടെ ഓരങ്ങളില്‍ തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവയ്ക്ക് തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍.
നടുന്ന രീതി
പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫഌറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം ചട്ടിയില്‍ വച്ച് വളര്‍ത്താം. വര്‍ഷം മുഴുവനും കായ്ഫലമുണ്ടാകും. വലുപ്പമുള്ള കായ കുലയായിട്ടാണുണ്ടാവുക. കായില്‍ നാരു വരുന്നതിനു മുമ്പ് അതായത്, കടുംപച്ച നിറമാകുന്നതിനു മുമ്പ് പറിക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴക്കൃഷിക്ക് അനുയോജ്യമാണ്. അര മീറ്റര്‍ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് അമ്പഴതൈകള്‍ നടാം. ഒട്ടുതൈകളുടെ യഥാര്‍ഥ മുകുളം മാത്രം വളരാന്‍ അനുവദിക്കുകയും മറ്റു തലപ്പുകള്‍ അടര്‍ത്തിക്കളയുകയും ചെയ്യണം.
പരിചരണം
സാധാരണ ഫല വൃക്ഷങ്ങള്‍ നട്ടാല്‍ നല്കുന്ന പരിചരണം തന്നെ നല്കിയാല് മതി. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇടയ്ക്ക് ചാണകപ്പൊടി നല്‍കാം. പച്ചച്ചാണകം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക