അശോക് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയപ്പോള്‍ സഭയില്‍ എത്താതിരുന്ന നാല് എംഎല്‍എമാരോടു വിശദീകരണം തേടി ബിജെപി. സഭ സമ്മേളിച്ച 14നു രാവിലെ ഇവര്‍ സഭയില്‍ എത്തിയെങ്കിലും ഉച്ചകഴിഞ്ഞ് ഒന്നിനു വിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി വീണ്ടും കൂടിയപ്പോള്‍ എത്തിയിരുന്നില്ല. പിന്നാലെയാണ് വിശദീകരണം തേടി ബിജെപി എത്തിയത്. ജയ്പുരില്‍ വിളിച്ചുവരുത്തിയാണ് ഇവരില്‍നിന്നു വിശദീകരണം തേടിയത്.
വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് എംഎല്‍എമാര്‍ക്കു പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. ഗോപിചന്ദ് മീന, കൈലാസ് മീണ, ഹരേന്ദ്ര നിനാമ, ഗൗതം ലാല്‍ മീണ എന്നീ നാലു എംഎൽഎമാരാണ് സഭയില്‍ എത്താതിരുന്നത്. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ, പാര്‍ട്ടി പ്രസിഡന്റ് സതീഷ് പൂനിയ എന്നിവര്‍ എംഎല്‍എമാരുമായി സംസാരിച്ചു. വിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കുകയായിരുന്നു. 72 എംഎല്‍എമാരുള്ള ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ വന്‍ നാണക്കേടിന് ഇവരുടെ അസാന്നിധ്യം വഴിവക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക